പഞ്ചാബ് പീഡനം നടന്നത് ഉപമുഖ്യമന്ത്രിയുടെ ബസില്‍; രണ്ടുപേര്‍ അറസ്റ്റില്‍

വ്യാഴം, 30 ഏപ്രില്‍ 2015 (15:44 IST)
പഞ്ചാബില്‍ ഓടുന്ന ബസില്‍ അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമം. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റു ചെയ്തു. പീഡനശ്രമം തടഞ്ഞ പെണ്‍കുട്ടിയെ ബസില്‍ നിന്ന് പുറത്തേക്ക് എറിഞ്ഞ് കൊന്നിരുന്നു. അതേസമയം, സംഭവം നടന്നത് പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്‌ബീര്‍ സിംഗിന്റെ ബസിലാണെന്ന് വ്യക്തമായി.
 
കഴിഞ്ഞദിവസം, ഓടുന്ന ബസില്‍ വെച്ച് അമ്മയെയും മകളെയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമത്തെ എതിര്‍ത്ത അമ്മയെയും മകളെയും പിന്നീട് അക്രമികള്‍ ബസില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഇതില്‍ ഗുരുതരമായി പരുക്കേറ്റ പതിനാലുകാരിയായ മകള്‍ മരിച്ചു.
 
ബസ് ജീവനക്കാര്‍ അമ്മയെയും മകളെയും നിര്‍ബന്ധിച്ചാണ് ബസില്‍ കയറ്റിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയും മകനും മകളും അടങ്ങുന്നവരാണ് ബസില്‍ യാത്ര ചെയ്തത്. സ്വകാര്യ എ സി ബസില്‍ നാമമാത്രമായ യാത്രക്കാര്‍ ആയിരുന്നു ഉണ്ടായിരുന്നത്. യാത്രക്കാരായി ഉണ്ടായിരുന്ന യുവാക്കള്‍ ആദ്യം പെണ്‍കുട്ടിയെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് അമ്മ കണ്ടക്‌ടറോട് പരാതിപ്പെട്ടെങ്കിലും കണ്ടക്‌ടറും യുവാക്കള്‍ക്ക് ഒപ്പം ചേരുകയായിരുന്നു.
 
തുടര്‍ന്ന് ബസ് നിര്‍ത്താന്‍ ഡ്രൈവറോട് അമ്മ ആവശ്യപ്പെട്ടെങ്കിലും ഡ്രൈവര്‍ ബസിന്റെ സ്പീഡ് കൂട്ടി. ഇതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി ബസില്‍ നിന്ന് ചാടാന്‍ ഇവര്‍ ഒരുങ്ങിയെങ്കിലും ഇവരെ തടഞ്ഞ യുവാക്കളുടെ സംഘം രണ്ടുപേരെയും ബസില്‍ നിന്ന് പുറത്തേക്ക് എറിയുകയായിരുന്നു. ഇതിന്റെ ആഘാതത്തില്‍ പെണ്‍കുട്ടി തല്‍ക്ഷണം മരിച്ചു. പെണ്‍കുട്ടിയുടെ അമ്മ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
 
പഞ്ചാബിലെ മോഗ ജില്ലയില്‍ ആണ് സംഭവം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ബസ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. യുവാക്കളും ഡ്രൈവറും കണ്ടക്‌ടറും ക്ലീനറും  ഒളിവില്‍ പോയിരുന്നു.അതേസമയം, സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പഞ്ചാബില്‍ അമര്‍ഷം പുകയുകയാണ്. മോഗയില്‍ ജനം റോഡ് ഉപരോധിച്ചു.

വെബ്ദുനിയ വായിക്കുക