നേതാക്കളുടെ സുരക്ഷാ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാവില്ലെന്ന് കേന്ദ്ര ധനമന്ത്രി പ്രണാബ് മുഖര്‍ജി ലോക്സഭയില്‍ പറഞ്ഞു. നേതാക്കളുടെ സുരക്ഷയില്‍ കുറവ് വരുത്താന്‍ ആഭ്യന്തരമന്ത്രാലയം ആലോചിക്കുന്നു എന്ന റിപ്പോര്‍ട്ടിനെ ആധാരമാക്കി പ്രതിപക്ഷം പാര്‍ലമെന്റിന്റെ ഇരു സഭകളിലും ബഹളം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് പ്രണാബ് ഉറപ്പ് നല്‍കിയത്.
ബിഎസ്‌പി നേതാവ് മായാവതി, എസ്പി നേതാവ് മുലായം സിംഗ് യാദവ്, ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ് ബിജെപിയുടെ മുരളീ മനോഹര്‍ ജോഷി തുടങ്ങിയവരുടെ എന്‍എസ്ജി സുരക്ഷാ സന്നാഹത്തില്‍ കുറവ് വരുത്തില്ല എന്ന് പാര്‍ലമെന്ററികാര്യ മന്ത്രി പവന്‍കുമാര്‍ ബന്‍സാലും ഉറപ്പ് നല്‍കി. കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലുള്ള ഒരു ഉറപ്പ് രാജ്യസഭയിലും നല്‍കി.
കേന്ദ്രസര്‍ക്കാര്‍ സംരക്ഷണം നല്‍കുന്ന 395 വിശിഷ്ട വ്യക്തികളുടെ സുരക്ഷയെ കുറിച്ച് അവലോകനം നടത്താന്‍ മൂന്ന് തവണ യോഗം ചേര്‍ന്നിരുന്നു. ഇവര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചില നേതാക്കളുടെ സുരക്ഷ കുറയ്ക്കാനും മറ്റ് ചിലരുടെ സുരക്ഷ സന്നാഹം പിന്‍വലിക്കാനും ശുപാര്‍ശ നല്‍കി എന്നാണ് സൂചന. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് ആഭ്യന്തര മന്ത്രിയാണ്.