നിയമഭേദഗതി: കുട്ടിയായി കണക്കാക്കുന്ന പ്രായം 18ല്‍ നിന്ന് 16 ആക്കി
വ്യാഴം, 23 ഏപ്രില്‍ 2015 (10:44 IST)
പതിനാറു വയസ്സ് തികഞ്ഞവര്‍ ഇനി നിയമത്തിന്റെ മുമ്പില്‍ കുട്ടികളല്ല. നേരത്തെ കുറ്റവാളികളെ കുട്ടിയായി പരിഗണിക്കുന്നതിനുള്ള പ്രായം 18 ആയിരുന്നു. അത് ഇപ്പോള്‍ 16 ആയി ചുരുക്കിയിരിക്കുകയാണ്.
കുറ്റവാളികളെ കുട്ടിയായി പരിഗണിക്കുന്നതിനുള്ള പ്രായം 18ല്‍ നിന്ന് 16 ആക്കുന്നതിന് ശുപാര്‍ശ ചെയ്യുന്ന ബാലനീതി നിയമഭേദഗതി ബില്ലിന് മന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കി. ബില്ല് പാര്‍ലമെന്റിന്റെ നടപ്പുസമ്മേളനത്തില്‍ അവതരിപ്പിക്കും.
നേരത്തെയുള്ള നിയമപ്രകാരം 18 വയസ്സ് തികഞ്ഞവരും അതിന് മുകളില്‍ ഉള്ളവരുമായിരുന്നു ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ കീഴില്‍ വന്നിരുന്നത്.
16നും 18നും ഇടയിലുള്ളവരാണ് നിഷ്ഠുരമായ കുറ്റം ചെയ്യുന്നതെങ്കില്‍ 'ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ്' അക്കാര്യം പരിശോധിച്ച് കുട്ടിയാണോ മുതിര്‍ന്ന ആളാണോ അത് ചെയ്തതെന്ന് വിലയിരുത്തും. മനഃശാസ്ത്രജ്ഞരും സാമൂഹിക വിദഗ്ധരും ഉള്‍പ്പെടുന്നതായിരിക്കും ബോര്‍ഡ്.
ബോര്‍ഡിന്റെ വിലയിരുത്തലിനെ അടിസ്ഥാനപ്പെടുത്തിയാവും വിചാരണ നടത്തുക. കുറ്റവാളി 16-നും 18-നും ഇടയിലുള്ള വ്യക്തിയാണെങ്കില്‍ 21-ന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ ചെയ്യുന്ന വിചാരണ ഉണ്ടാവില്ല.