നിതീഷിന്റെ ശ്രമം കൊണ്ട് ബിഹാർ അതിവേഗം വളരുകയാണെന്ന് നരേന്ദ്ര മോദി

ഞായര്‍, 13 മാര്‍ച്ച് 2016 (05:50 IST)
റയില്‍വേയുമായി ബന്ധപ്പെട്ട വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി ബിഹാറിൽ എത്തിയപ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും വേദി പങ്കിട്ടത്. എന്‍ ഡി എയില്‍ നിന്ന് പുറത്തു വന്നതിനു ശേഷം ഇത് ആദ്യമായാണ് ഇരുവരും ഒരേ വേദിയില്‍ എത്തുന്നത്. 
 
നിതീഷിനെ പുകഴ്ത്തിയും കോൺഗ്രസിനെ കുറ്റപ്പെടുത്തിയുമായിരുന്നു ചടങ്ങിലെ മോദിയുടെ പ്രസംഗം. സ്വാതന്ത്ര്യം കിട്ടിയതു മുതൽ കോൺഗ്രസ് ബിഹാറിനെ അവഗണിക്കുന്ന സമീപനമാണ് കൈക്കൊണ്ടതെന്ന് മോദി കുറ്റപ്പെടുത്തി. 
 
പ്രസംഗത്തിനുടനീളം നിതീഷ് കുമാറിന്റെ പ്രവര്‍ത്തനങ്ങളെ അനുകൂലിച്ചായിരുന്നു മോദി സംസാരിച്ചത്. നിതീഷ് കുമാറുമായി തനിക്കുള്ള ബന്ധത്തെക്കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു. നിതീഷിന്റെ ശ്രമം കൊണ്ട് ബിഹാർ അതിവേഗം വളരുകയാണ്. കേന്ദ്ര സർക്കാരിന്റെയും ബിഹാർ സർക്കാരിന്റെയും സഹകരണത്തോടെ വികസന നടപടികൾ വേഗത്തിലാക്കാമെന്നും മോദി പറഞ്ഞു.
 
ഗ്രാമങ്ങളെ വൈദ്യുതീകരിക്കുന്ന കേന്ദ്ര പദ്ധതിയിൽ ബിഹാറിനെയും ഉൾപ്പെടുത്താൻ നിതീഷ് കുമാർ നടത്തിയ പരിശ്രമത്തെയും മോദി അനുസ്മരിച്ചു. നിതീഷ് കുമാര്‍ സംസാരിക്കുന്നതിനിടെ മോദി മോദി എന്ന് ആര്‍ത്തുവിളിച്ചവരെ ശാന്തരാക്കന്‍ പ്രധാനമന്ത്രി തന്നെ ഇടപെടുകയും ചെയ്തു. 
 

വെബ്ദുനിയ വായിക്കുക