കന്നഡ നടി ഹേമശ്രീ (29)യുടെ മരണത്തില്‍ ദുരൂഹതയേറുന്നു. മൊഴിയിലെ വൈരുദ്ധ്യങ്ങളെ തുടര്‍ന്ന് ഹേമശ്രീയുടെ ഭര്‍ത്താവ് സുരേന്ദ്രബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒക്ടോബര്‍ 19 വരെ സുരേന്ദ്രബാബുവിനെ റിമാന്റ് ചെയ്തിരിക്കുകയാണ്.
ഹേമശ്രീയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മരണത്തെക്കുറിച്ച് വ്യക്തമായ സൂചനകള്‍ നല്‍കുന്നില്ല. ഫോറന്‍സിക് പരിശോധനാ ഫലം വരാനിരിക്കുന്നതേയുള്ളൂ. ഹേമശ്രീയുടെ വയറ്റില്‍ കണ്ടെത്തിയ ദ്രാവകത്തിന് ക്ലോറോഫോമുമായി സാമ്യം ഉണ്ട് എന്ന് പൊലീസ് വൃത്തങ്ങള്‍ സൂചന നല്‍കുന്നുണ്ട്. അവരെ അപായപ്പെടുത്താന്‍ ശ്രമം നടന്നു എന്ന് തന്നെയാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്.
ഹൈദരാബാദില്‍ നിന്ന് അനന്ദ്പൂരിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെ ഹേമശ്രീ പെട്ടെന്ന് അവശനിലയിലായി എന്നാണ് സുരേന്ദ്രബാബു ഡോക്ടര്‍മാരോട് പറഞ്ഞത്. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും അവരുടെ മരണം സംഭവിച്ചിരുന്നു. നടിയുടെ തലയിലും മുഖത്തും മുറിവുകള്‍ കാണപ്പെട്ടതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. സുരേന്ദ്രബാബു തങ്ങളുടെ മകളെ കൊലപ്പെടുത്തിയതാണെന്ന് മാതാപിതാക്കളും ആരോപിക്കുന്നു.
ഒന്നര വര്‍ഷം മുന്‍പാണ് ജനതാദള്‍ (എസ്) നേതാവായ സുരേന്ദ്രബാബു ഹേമശ്രീയെ വിവാഹം ചെയ്തത്. എന്നാല്‍ വീട്ടുകാര്‍ തന്നെ നിര്‍ബന്ധിച്ച് വിവാഹം നടത്തുകയായിരുന്നു എന്ന് ഹേമശ്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സുരേന്ദ്രബാബു അദ്ദേഹത്തിന്റെ യഥാര്‍ത്ഥ വയസ്സ് തന്നില്‍ നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. അദ്ദേഹത്തോടൊപ്പം ജീവിക്കാന്‍ താല്പര്യം ഇല്ലെന്നും ഹേമശ്രീ പൊലീസിന് നല്‍കിയ പരാതിയില്‍ ഉണ്ടായിരുന്നു.
ബാലനടിയായി സീരിയല്‍ രംഗത്തെത്തിയ ഹേമശ്രീ 40 ഓളം സീരിയലുകളില്‍ അഭിനയിച്ചു. ചില സിനിമകളിലും അവര്‍ പ്രത്യക്ഷപ്പെട്ടു. 2008ല്‍ ജനതാദള്‍ (എസ്) സ്ഥാനാര്‍ത്ഥിയായി നിയമസഭയിലേക്കു മല്‍സരിച്ചെങ്കിലും അവര്‍ പരാജയപ്പെട്ടു.