അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം അടക്കം പാകിസ്ഥാനില്‍ കഴിയുന്ന 42 കുറ്റവാളികളെ വിട്ടുകിട്ടാന്‍ ഇന്ത്യ ആവശ്യമുന്നയിച്ചു എങ്കിലും പാകിസ്ഥാന്‍ സഹകരിച്ചില്ല എന്ന് വിദേശകാര്യ മന്ത്രി എസ് എം കൃഷ്ണ വ്യാഴാഴ്ച രാജ്യസഭയെ അറിയിച്ചു.
1993 മുംബൈ സ്ഫോടനം, 26/11 ആക്രമണം തുടങ്ങിയ കേസുകളില്‍ ഇന്ത്യ തേടുന്നവര്‍ ഉള്‍പ്പെടെ 42 കുറ്റവാളികളുടെ പട്ടിക ഇന്ത്യ പാകിസ്ഥാന് കൈമാറിയിട്ടുണ്ട്. എന്തൊക്കെ തെളിവുകള്‍ നല്‍കിയാലും അത് കോടതിക്ക് മുന്നില്‍ നിലനില്‍ക്കില്ല എന്നതാണ് പാകിസ്ഥാന്റെ നിലപാട് എന്നും കൃഷ്ണ കുറ്റപ്പെടുത്തി.
ഇന്ത്യന്‍ വംശജരായ ദാവൂദ് ഇബ്രാഹിം, ടൈഗര്‍ മേമന്‍, ഛോട്ടാ ഷക്കീല്‍, ലഖ്‌ബീര്‍ സിംഗ് എന്നീ ക്രിമിനലുകള്‍ രാജ്യത്ത് ഇല്ല എന്ന നിലപാടാണ് പാകിസ്ഥാന്റേത്. കുറ്റവാളികളെ പരസ്പരം കൈമാറാനുള്ള കരാര്‍ നിലവിലില്ലാത്തത് കാരണമാണ് പാകിസ്ഥാന്‍ വംശജരായ ക്രിമിനലുകളെ കൈമാറാന്‍ വിസമ്മതം പ്രകടിപ്പിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു കരാറിനായി ഇന്ത്യ 11 തവണ വിഫലശ്രമം നടത്തി എന്നും കൃഷ്ണ പറഞ്ഞു.
പാകിസ്ഥാന്‍ ഒരിക്കലും കുറ്റവാളികളെ കൈമാറാനുള്ള കരാറിനെ പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇതിനായി നിര്‍ദ്ദേശങ്ങളും മുന്നോട്ട് വച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനുമായുള്ള ബന്ധത്തില്‍ കൂടുതല്‍ സഹകരണം ഉറപ്പാക്കാനും അതുവഴി അയല്‍ രാജ്യവുമായി നല്ല അയല്‍ ബന്ധം പുലര്‍ത്താനുമാണ് ഇന്ത്യ ശ്രമിക്കുന്നത് എന്നും കൃഷ്ണ വ്യക്തമാക്കി.