തോമസ് ഒഴിയില്ല, സര്‍ക്കാരിന് ധര്‍മ്മസങ്കടം!

ശനി, 29 ജനുവരി 2011 (09:25 IST)
PRO
സര്‍ക്കാരിന്റെ ആഗ്രഹമനുസരിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ (സിവിസി) പിജെ തോമസ് രാജിവയ്ക്കാന്‍ വിസമ്മതം പ്രകടിപ്പിച്ചു എന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ, സുപ്രീംകോടതിയില്‍ തോമസിനെ അനുകൂലിച്ച സര്‍ക്കാരും കോണ്‍ഗ്രസ് നേതൃത്വവും വെട്ടിലായിരിക്കുകയാണ്.

കേന്ദ്ര വിജിലന്‍സ് കമ്മീഷണറെ സാധാരണ രീതിയില്‍ സര്‍‌വീസില്‍ നിന്ന് പുറത്താക്കാന്‍ കഴിയില്ല. പാര്‍ലമെന്റ് ഇം‌പീച്ച് ചെയ്യുക മാത്രമാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷനെ പുറത്താക്കാനുള്ള പോം‌വഴി.

അതേസമയം, താന്‍ പാമോലിന്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട് എന്നും കേരളത്തില്‍ ഭക്‍ഷ്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട് എന്നും ഉള്ള വിവരങ്ങള്‍ തോമസ് പ്രധാനമന്ത്രിയുള്‍പ്പെട്ട ഉന്നതാധികാര സമിതിയില്‍ നിന്ന് മറച്ചു വച്ചതായി രേഖകള്‍ വ്യക്തമാക്കുന്നു. വിവരാവകാശ പ്രവര്‍ത്തകനായ സുഭാഷ് ചന്ദ്ര അഗര്‍വാളിന് ലഭിച്ച രേഖകളിലാണ് ഇക്കാര്യം പറയുന്നത്.

പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവുമടങ്ങുന്ന സമിതിക്ക് സമര്‍പ്പിച്ച ബയോഡാറ്റയില്‍ കേസിനെ കുറിച്ചും ഭക്‍ഷ്യ സെക്രട്ടറി ആയിരുന്നതിനെ കുറിച്ചും ഉള്ള പരാമര്‍ശങ്ങള്‍ ഇല്ല.

2010 സെപ്തംബര്‍ മൂന്നിന് പ്രധാനമന്ത്രിയുടെ വസതിയില്‍ വച്ച് ചേര്‍ന്ന സമിതിയോഗത്തില്‍ തോമസിനെ സിവിസി ആയി നിയമിക്കുന്നതില്‍ പ്രതിപക്ഷ നേതാവ് സുഷമസ്വരാജ് കടുത്ത അതൃപ്തി പ്രകടിപ്പിച്ചിരുന്നു. തോമസിനെ നിയമിച്ചുകൊണ്ടുള്ള ഫയലില്‍ സുഷമ വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയിട്ടുമുണ്ട്.

വെബ്ദുനിയ വായിക്കുക