ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തെലങ്കാന വിഷയം ചര്‍ച്ച ചെയ്യുന്നതിന് ആഭ്യന്തര മന്ത്രി പി ചിദംബരം വിളിച്ചു കൂട്ടുന്ന സര്‍വകക്ഷിയോഗം ഇന്ന് ന്യൂഡല്‍ഹിയില്‍. യോഗത്തിനു ശേഷം ശ്രീകൃഷ്ണ സമിതി റിപ്പോര്‍ട്ട് പരസ്യപ്പെടുത്തും.
ആന്ധ്രയിലെ എട്ട് അംഗീകൃത പാര്‍ട്ടികളില്‍ നിന്ന് രണ്ട് പ്രതിനിധികളെ വീതമാണ് ക്ഷണിച്ചിരിക്കുന്നത്. എന്നാല്‍, പ്രധാന കക്ഷികളായ ടിആര്‍എസ്, ബിജെപി, ടിഡിപി എന്നിവര്‍ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ശ്രീകൃഷ്ണ സമിതി പ്രത്യേക തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനെ കുറിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കുന്നില്ല എന്നാണ് ഉന്നത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. തെലങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിന്റെയും ആന്ധ്ര വിഭജിക്കുന്നതിന്റെയും ഗുണദോഷ വശങ്ങളെ കുറിച്ചു മാത്രമാണത്രേ റിപ്പോര്‍ട്ടില്‍ പറയുന്നത്.
സംസ്ഥാനത്തെ ക്രമസമാധാനനില തകരാതെ നോക്കുന്നതിന് കൂടുതല്‍ കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പ്രണാബ് മുഖര്‍ജിയും അഹമ്മദ് പട്ടേലും തെലങ്കാന എംപിമാരുമായി കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. സ്ഥിതിഗതികള്‍ വിലയിരുത്താനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ആന്ധ്രപ്രദേശ് മുഖ്യമന്ത്രി കിരണ്‍കുമാര്‍ റെഡ്ഡിയുമായി ചര്‍ച്ച നടത്തിയിരുന്നു.