തമിഴ്നാട്ടില്‍ അമ്മ തന്നെ; 126 സീറ്റുകള്‍ നേടി തുടര്‍ച്ചയായി രണ്ടാം തവണയും എഐഎഡിഎംകെ അധികാരത്തിലേക്ക്

വ്യാഴം, 19 മെയ് 2016 (15:39 IST)
എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ തള്ളി തമിഴ്‌നാട്ടില്‍ ജയലളിത ഭരണം നിലനിര്‍ത്തി. സീറ്റുകളുടെ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും അടുത്ത അഞ്ച് വര്‍ഷവും തമിഴ്നാട് ഭരിക്കാന്‍ നാടിന്റെ സ്വന്തം അമ്മയുണ്ടാകും.
 
ആകെ 234 അംഗങ്ങളുള്ള തമിഴ്നാട് നിയമസഭയില്‍ 126 സീറ്റും എ ഐ എ ഡി എം കെ നേടി. കോണ്‍ഗ്രസുമായി ചേര്‍ന്ന് ഡി എം കെ നടത്തിയ പോരാട്ടം 104 സീറ്റുകളില്‍ ഒതുങ്ങി. കോണ്‍ഗ്രസുമായി ചേര്‍ന്നിട്ടും തെരഞ്ഞെടുപ്പില്‍ കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് ഡി എം കെയ്ക്ക് കനത്ത തിരിച്ചടിയായി. ഭരണകക്ഷിയായ എ ഐ എ ഡി എം കെയ്ക്ക് നിലവില്‍ 150 അംഗങ്ങളാണ് ഉളളത്. 32 സീറ്റുകളാണ് ഡി എം കെയ്ക്കുള്ളത്.
 
പ്രചര്‍ണ രംഗത്ത് സജീവമായിരുന്ന വിജയകാന്തിന്റെ ഡി എം ഡികെയ്ക്ക് ഒറ്റ സീറ്റും പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. മറ്റ് ചെറു കക്ഷികള്‍ക്കും കാര്യമായ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ കഴിഞ്ഞില്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക