തടി കുറച്ചില്ലെങ്കില്‍ ജോലി തെറിക്കുമെന്ന് എയര്‍ ഹോസ്റ്റസ്മാര്‍ക്ക് എയര്‍ ഇന്ത്യയുടെ മുന്നറിയിപ്പ്

വ്യാഴം, 9 ജൂണ്‍ 2016 (15:27 IST)
എയര്‍ ഹോസ്റ്റസ്മാര്‍ ആറ് മാസത്തിനകം ശരീരഭാരം കുറയ്ക്കണമെന്ന് എയര്‍ ഇന്ത്യയുടെ നിര്‍ദേശം. ഇത് പാലിച്ചില്ലെങ്കില്‍ ജോലിയില്‍ നിന്നും പിരിച്ചുവിടുമെന്ന മുന്നറിയിപ്പ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്റെ (ഡിജിസിഎ)യുടെ നിബന്ധന പ്രകാരമാണ് എയര്‍ ഇന്ത്യയുടെ നിര്‍ദേശം. 
 
അതേസമയം, വിഷയത്തില്‍ പ്രതികരിക്കാന്‍ എയര്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ അശ്വിനി ലോഹാനി തയ്യാറായില്ല. അമിതഭാരമുള്ള ജീവനക്കാരെ ഫ്‌ളൈറ്റ് ഡ്യൂട്ടിയ്ക്ക് അയക്കരുതെന്ന് ഡി ജി സി എ നിയമാവലിയില്‍ പറയുന്നുണ്ട്. അമിതഭാരം ശ്രദ്ധയില്‍പെട്ട് 18 മാസങ്ങള്‍ക്ക് കഴിഞ്ഞിട്ടും ഭാരം കുറയ്ക്കാനുള്ള ശ്രമം ഉണ്ടായില്ലെങ്കില്‍ ജീവനക്കാരെ പിരിച്ചുവിടാമെന്നും നിയമാവലിയിലുണ്ട്. ഇത്തരത്തില്‍ തടികൂടിയതിന്റെ പേരില്‍ കഴിഞ്ഞ വര്‍ഷം മാത്രം 125 ജീവനക്കാരെ പിരിച്ചുവിടാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് തിരുമാനം പിന്‍വലിക്കുകയായിരുന്നു.
 
നിലവില്‍ നൂറിലധികം എയര്‍ ഹോസ്റ്റസ്മാര്‍ക്ക് അമിതഭാരം ഉള്ളതായി എയര്‍ ഇന്ത്യ കണ്ടെത്തിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക