ട്വിറ്റര്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു

തിങ്കള്‍, 10 സെപ്‌റ്റംബര്‍ 2012 (10:07 IST)
PRO
PRO
മൈക്രോ ബ്ലോഗിംഗ് സൈറ്റായ ട്വിറ്റര്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു. ഇന്ത്യയുടെ വിവിധനഗരങ്ങളില്‍ കഴിയുന്ന വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്കെതിരെ വിദ്വേഷം പടര്‍ത്തുന്ന രീതിയില്‍ ഈയിടെ പ്രചരണങ്ങളുണ്ടായത് ഭീതി പടര്‍ത്തിയിരുന്നു. ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ ട്വിറ്റര്‍ പ്രധാന ആയുധമായി മാറിയതായി പരകെ ആരോപണം ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ട്വിറ്റര്‍ നിരോധനത്തെക്കുറിച്ച് സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കുന്നത്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളില്‍ ട്വിറ്ററിന് നിരോധനം ഏര്‍പ്പെടുത്താനാണ് നീക്കം.

കര്‍ണാടക, തമിഴ്നാട്, ആന്ധ്രാപ്രദേശ്, അസാം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ട്വിറ്ററിന് നിരോധനം ഉണ്ടാവുക എന്നാണ് റിപ്പോര്‍ട്ട്. ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഈ ശുപാര്‍ശ. കേന്ദ്ര വിവരസാങ്കേതിക വകുപ്പിനെ വിദഗ്ദ്ധരുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു കഴിഞ്ഞു.

അസം കലാപത്തിന്റെ പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ക്ക് നേരെ ആക്രമണം ഉണ്ടാകുമെന്ന് കുപ്രചാരണങ്ങളെ തുടര്‍ന്ന് പതിനായിരങ്ങളാണ് വിവിധ നഗരങ്ങളില്‍ നിന്ന് കൂട്ടമായി പലായനം ചെയ്തത്. ട്വിറ്റര്‍ സന്ദേശങ്ങള്‍ ഇതില്‍ സുപ്രധാന പങ്ക് വഹിച്ചു എന്ന് സര്‍ക്കാര്‍ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.

എന്നാല്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എം കെ നാരായണന്‍, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി പുലോക് ചാറ്റര്‍ജി എന്നിവര്‍ ഈ നീക്കത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. സന്ദേശങ്ങള്‍ വന്നത് വ്യാജ ഐഡികളില്‍ നിന്നാണെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ കാടടച്ച് വെടിവയ്ക്കേണ്ടതില്ല എന്നാണ് ഇവരുടെ അഭിപ്രായം.

വെബ്ദുനിയ വായിക്കുക