ടൊയോട്ട 17 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു

വ്യാഴം, 20 മാര്‍ച്ച് 2014 (15:52 IST)
PRO
പ്രമുഖ ജപ്പാനീസ് വാഹനനിര്‍മ്മാതാക്കളായ ടയോട്ട സമരം നടത്തിവന്ന ഇന്ത്യയിലെ 17 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ജീവനക്കാര്‍ തൊഴിലാളി യൂണിയനിലെ അംഗങ്ങളാണ്.

അച്ചടക്കലംഘനം കാട്ടിയതിനാണ് ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് ടയോട്ട കമ്പനി വക്താവ് പറഞ്ഞു. ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് ടയോട്ട ബാംഗ്ലൂരിലെ രണ്ട് വാഹന നിര്‍മ്മാണ യൂണിറ്റുകള്‍ അടച്ചിട്ടിരുന്നു. തൊഴിലാളികള്‍ക്ക് പ്ലാന്റില്‍ പ്രവേശനം നിഷേധിച്ച് നോട്ടീസ് നല്‍കുകയും ചെയ്തു.

വേതനം വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജീവനക്കാര്‍ സമരം ആരംഭിച്ചത്. സമരം അവസാനിപ്പിക്കാന്‍ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും മാനേജ്‌മെന്റും ജീവനക്കാരും നിലപാടുകളില്‍ വിട്ടുവീഴ്ച്ച ചെയ്യാത്തതിനാല്‍ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു. ചര്‍ച്ച ഇന്നും വീണ്ടും തുടരുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക