എഐഎഡിഎംകെ മുന്നണിയില്‍ ചേരാന്‍ അനുവദിക്കണമെന്ന് തമിഴ്നാട് ബിജെപി ഘടകം ജയലളിതയോട് അഭ്യര്‍ത്ഥിച്ചു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയത്തെ പറ്റി ചര്‍ച്ച ചെയ്യുന്നതിനായി മധുരയില്‍ ചേര്‍ന്ന യോഗത്തില്‍ വച്ചാണ് ബിജെപി ഇങ്ങിനെയൊരു അഭ്യര്‍ത്ഥന ജയലളിതയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ജയലളിതയ്ക്കൊപ്പം സിപിഎമ്മും സിപിഐയും ഉണ്ടെങ്കിലും അതൊന്നും പ്രശ്നമല്ലെന്നാണ് ബിജെപി പറയുന്നത്.
തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്നതോടെ ഡിഎംകെയുടെയും എഐഎഡിഎംകെയുടെയും നേതൃത്വത്തില്‍ മുന്നണി രൂപീകരണ കൂടിയാലോചനകള്‍ സജീവമായിരിക്കുന്ന സാഹചര്യത്തില്‍ ബിജെപി പരുങ്ങലിലിലാണ്. ഒരു മുന്നണിയും ബിജെപിയെ അടുപ്പിക്കാത്ത അവസ്ഥയാണ് തമിഴ്നാട്ടില്‍ ഇപ്പോഴുള്ളത്. ഡിഎംകെക്കൊപ്പം കോണ്‍ഗ്രസ് ഉള്ളതിനാല്‍ ഡിഎംകെ മുന്നണി കൂടാരത്തില്‍ ബിജെപിക്ക് പ്രവേശനമില്ല. സിപിഎമ്മും സിപിഐയും അടക്കമുള്ള ഇടതുപക്ഷ പാര്‍ട്ടികള്‍ ഉള്ളതിനാല്‍ എഐഎഡിഎംകെ മുന്നണിയും ബിജെപിയോട് പുറംതിരിഞ്ഞ് നില്‍ക്കുകയാണ്.
ദ്രാവിഡപ്പാര്‍ട്ടികളുടെ ഈറ്റില്ലമായ തമിഴ്നാട്ടില്‍ ബിജെപിക്ക് വേരോടിക്കാന്‍ ഇപ്പോഴും കഴിഞ്ഞിട്ടില്ല. ഏതെങ്കിലും മുന്നണിയില്‍ കയറിപ്പറ്റിയില്ലെങ്കില്‍ വരുന്ന തെരഞ്ഞെടുപ്പില്‍ വലിയ പ്രകടനമൊന്നും കാഴ്ചവയ്ക്കാന്‍ ബിജെപിക്കാവില്ല. ഈ തിരിച്ചറിവിനെ തുടര്‍ന്നാണ്, എങ്ങിനെയെങ്കിലും എഐഎഡിഎംകെ മുന്നണിയില്‍ കയറിപ്പറ്റണം എന്ന് മുതിര്‍ന്ന ബിജെപി നേതാവും തമിഴ്നാട് ബിജെപി ഘടകത്തിന്റെ ചുമതല വഹിക്കുന്നയാളുമായ ബംഗാരു ലക്ഷ്മണ്‍ മധുരയില്‍ പറഞ്ഞത്.
“ഡിഎംകെയുടെ ദുര്‍ഭരണത്തെ താഴെയിറക്കാന്‍ തമിഴ്നാട്ടില്‍ ശക്തിയുള്ള ഒരു മുന്നണീ വരണമെന്ന് ബിജെപി ആഗ്രഹിക്കുന്നു. തമിഴ്നാട്ടില്‍ ഭരണം മാറണമെന്ന് എഐഎഡിഎംകെ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ബിജെപിയെയും കൂടെ കൂട്ടണം. എഐഎഡിഎംകെ മുന്നണിയില്‍ ഇടതുപക്ഷപാര്‍ട്ടികള്‍ ഉണ്ടെന്ന് ഞങ്ങള്‍ക്കറിയാം. അതൊന്നും ബിജെപിക്ക് പ്രശ്നമില്ല. തമിഴകത്തെ ദുര്‍ഭരണത്തിന് ഒരു അറുതി വരുത്തണമെന്ന് മാത്രമാണ് ഇപ്പോള്‍ ബിജെപിയുടെ ലക്‌ഷ്യം” - ബംഗാരു ലക്ഷ്മണ്‍ പറഞ്ഞു.