ജി-20: സിംഗും ഒബാമയും കൂടിക്കാഴ്ച നടത്തും

വ്യാഴം, 24 ജൂണ്‍ 2010 (12:21 IST)
ടൊറന്റോയില്‍ നടക്കാനിരിക്കുന്ന ജി-20 ഉച്ചകോടിയുടെ ഇടവേളയില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗും യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും കൂടിക്കാഴ്ച നടത്തും. കേന്ദ്ര വ്യവസായ വകുപ്പ് മന്ത്രി ആനന്ദ് ശര്‍മ്മയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഏപ്രിലില്‍ വാഷിംഗ്ടണില്‍ നടന്ന ആണവ സുരക്ഷാ ഉച്ചകോടിക്ക് ശേഷം ആദ്യമായാണ് ഇരു നേതാക്കളും കൂടിക്കാഴ്ച നടത്താന്‍ ഒരുങ്ങുന്നത്.

കൂടിക്കാഴ്ചയില്‍ ഇരു നേതാക്കളും ഉഭയകക്ഷി പ്രശ്നങ്ങളെ കുറിച്ചും പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളെ കുറിച്ചും ചര്‍ച്ച നടത്തും. ഇന്ത്യയുടെയും യുഎസിന്റെയും ഉന്നതതല സംഘങ്ങള്‍ നടത്തിയ ചര്‍ച്ചകളുടെ പുരോഗതിയും ഇരു നേതാക്കളും വിലയിരുത്തുമെന്നാണ് സൂചന.

ഒബാമയും സിംഗും ചേര്‍ന്ന് പുന:സംഘടിപ്പിച്ച ഇന്തോ-യുഎസ് സി‌ഇ‌ഒ ഫോറത്തിന്റെ സമ്മേളനം ബുധനാഴ്ച നടന്നിരുന്നു. യോഗത്തില്‍ ആനന്ദ് ശര്‍മ്മയും ധനമന്ത്രി പ്രണാബ് മുഖര്‍ജിയും പങ്കെടുക്കുകയും യുഎസ് മന്ത്രിമാരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.

ഈ വര്‍ഷം അവസാനം ഒബാമ തന്ത്രപ്രധാനമായ ഇന്ത്യാ സന്ദര്‍ശനം നടത്താനിരിക്കെയാണ് ടൊറന്റോയില്‍ സിംഗുമായി കൂടിക്കാഴ്ച നടത്തുന്നത്.

വെബ്ദുനിയ വായിക്കുക