ഉന്നത വിദ്യാഭ്യാസത്തിനും തൊഴിലിനും സംവരണം വേണമെന്ന് ആവശ്യപ്പെട്ട് നടത്തുന്ന പ്രതിഷേധത്തിന്റെ ഭാഗമായി ജാട്ടുകള്‍ ഡല്‍ഹിയിലേക്കുള്ള ജലവിതരണം തടസ്സപ്പെടുത്തി. യുപിയില്‍ നിന്ന് ഗംഗാകനാലിലൂടെയുള്ള ജലവിതരണ സംവിധാനത്തിലാണ് തടസ്സമുണ്ടാക്കിയിരിക്കുന്നത്.
ഗാസിയാബാദ് ജില്ലയിലെ മുറാദ്നഗറില്‍ ബികെയു, ലോക്ദള്‍ നേതാക്കളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ജാട്ട് വിഭാഗം ഡല്‍ഹിയിലേക്കുള്ള ജലവിതരണത്തില്‍ തടസ്സം സൃഷ്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെ, തിങ്കളാഴ്ച മുതല്‍ ഡല്‍ഹി നഗരത്തില്‍ ശുദ്ധജല വിതരണത്തില്‍ തടസ്സം നേരിടുമെന്നാണ് സൂചന.
ഡല്‍ഹിയിലെ രണ്ട് ശുദ്ധീകരണ പ്ലാന്റുകളിലേക്കുള്ള ജലവിതരണത്തിലാണ് തടസ്സം സൃഷ്ടിച്ചിരിക്കുന്നത്. നഗരത്തിലേക്കുള്ള ശുദ്ധജലത്തിന്റെ 40 ശതമാനവും ഈ പ്ലാന്റുകളില്‍ നിന്നാണ് ലഭ്യമാക്കുന്നത്.