ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിച്ചു, ഇനി സ്വതന്ത്രന്‍!
വെള്ളി, 21 മാര്‍ച്ച് 2014 (17:07 IST)
PTI
ജസ്വന്ത് സിംഗിന് ബി ജെ പി സീറ്റ് നിഷേധിച്ചു. രാജസ്ഥാനിലെ ബാര്‍മറില്‍ മത്സരിക്കുന്നതിനാണ് ജസ്വന്തിന് സീറ്റ് നിഷേധിച്ചത്. കോണ്‍ഗ്രസ് വിട്ടുവന്ന സോനാറാം ചൌധരിയാണ് ബാര്‍മറില്‍ ബി ജെ പി സ്ഥാനാര്‍ത്ഥി.
ബാര്‍മറില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന് ജസ്വന്ത് സിംഗ് അറിയിച്ചു. ബാര്‍മറില്‍ സീറ്റ് നല്‍കണമെന്ന് ജസ്വന്ത് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബി ജെ പി തെരഞ്ഞെടുപ്പ് സമിതി യോഗം അദ്ദേഹത്തിന്‍റെ ആവശ്യം നിരാകരിക്കുകയായിരുന്നു.
താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ല എന്നാണ് പാര്‍ട്ടിയുടെ തീരുമാനമെങ്കില്‍ സ്വതന്ത്രനായി മത്സരിക്കുമെന്ന് ജസ്വന്ത് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ വിശദമായി അറിയിക്കുകയും ചെയ്തു. എന്നാല്‍ അതിന് ശേഷവും ജസ്വന്ത് സിംഗിന് സീറ്റ് നിഷേധിക്കുന്ന നിലപാടാണ് ബി ജെ പി നേതൃത്വം സ്വീകരിച്ചത്.
ബി ജെ പിയിലെ മുതിര്‍ന്ന നേതാവായ തനിക്ക് സീറ്റ് നിഷേധിക്കുകയും കോണ്‍ഗ്രസില്‍ നിന്ന് വിട്ടു വരുന്നവര്‍ക്ക് സീറ്റ് നല്‍കുകയും ചെയ്യുന്ന പാര്‍ട്ടി നിലപാടില്‍ പ്രതിഷേധിച്ചാണ് ജസ്വന്ത് സിംഗ് ഇപ്പോള്‍ സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.