ജഴ്സി പശുക്കളെ ഗോവധനിരോധന പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യം

ശനി, 25 ഏപ്രില്‍ 2015 (12:40 IST)
വിദേശജനുസില്‍പ്പെട്ട ജഴ്സി പശുക്കളെ ഗോവധ നിരോധനം നടപ്പിലാക്കുമ്പോള്‍ ഒഴിവാക്കണമെന്ന് ആവശ്യം. വ്യാപാരികള്‍ക്ക് വേണ്ടി വാദിക്കുന്ന അഖിലേന്ത്യ മില്ലി കൗണ്‍സില്‍ എന്ന മുസ്ലിം സംഘടനയാണ് ഈ ആവശ്യവുമായി രംഗത്തെത്തിയത്.
 
ഇന്ത്യയിലെ നാടന്‍ പശുക്കളെ കൊല്ലുന്നതു മാത്രമാണ് വിശ്വാസത്തിന് പ്രശ്‌നമാകുകയുള്ളുവെന്നും വിദേശ പശുക്കള്‍ക്ക് ഇത് ബാധകമാകില്ലെന്നുമാണ് മാംസക്കച്ചവടക്കാരുടെ വാദം. നാടന്‍ പശുക്കളെപ്പോലെ ജഴ്‌സി പശുക്കളുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിശ്വാസ പ്രശ്‌നങ്ങളും ഉദിക്കുന്നില്ലെന്നും സംഘടന വാദിക്കുന്നു.
 
ഇക്കാരണത്താല്‍, ജഴ്‌സി പശുക്കളെ കൊന്ന് ഇറച്ചി വില്‍ക്കാന്‍ അനുവദിക്കണമെന്ന് മില്ലി കൊണ്‍സില്‍ മഹാരാഷ്‌ട്ര ഘടകം ജനറല്‍ സെക്രട്ടറി എം എ ഖാലിദ് ആവശ്യപ്പെട്ടു.  അതേസമയം, ജഴ്സി പശുക്കളെ കൊല്ലാന്‍ അനുവദിക്കാന്‍ കഴിയില്ലെന്ന് വിശ്വഹിന്ദു പരിഷത്ത് വ്യക്തമാക്കി.
 
ഏതിനം പശുക്കളെയും സംരക്ഷിക്കാന്‍ ബാധ്യസ്ഥരാണെന്ന് പറഞ്ഞ  വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യ സെക്രട്ടറി വെങ്കടേഷ് അബ്‌ദേവ് മഹാരാഷ്ട്രയില്‍ 5000 അഭയകേന്ദ്രങ്ങള്‍ തുറക്കുമെന്നും പറഞ്ഞു.

വെബ്ദുനിയ വായിക്കുക