ജമ്മു കാശ്‌മീരില്‍ പൊലീസ് സ്റ്റേഷന്‍ ആക്രമണം: ആറുപേര്‍ കൊല്ലപ്പെട്ടു

വെള്ളി, 20 മാര്‍ച്ച് 2015 (16:46 IST)
ജമ്മു കാശ്‌മീരിലെ കത്വയില്‍ പൊലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. വെള്ളിയാഴ്ച രാവിലെയാണ് ആക്രമണം ഉണ്ടായത്. ഭീകരാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ പൊലീസ് ഉദ്യോഗസ്ഥരാണ്. കൊല്ലപ്പെട്ടവരില്‍ രണ്ടു ഭീകരവാദികളും ഒരു സാധാരണക്കാരനും ഉള്‍പ്പെടുന്നു.
 
കത്വ ജില്ലയിലെ രാജ്‌ബാഗ് പൊലീസ് സ്റ്റേഷനിലാണ് ഭീകരാക്രമണം ഉണ്ടായത്. ആയുധങ്ങളും ഗ്രനേഡുകളും ഉപയോഗിച്ചാണ് പൊലീസ് സ്റ്റേഷന്‍ ആക്രമിച്ചത്. ആക്രമണത്തെ തുടര്‍ന്ന് സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവസ്ഥലത്ത് എത്തി. പരുക്കേറ്റവരില്‍ ഏഴു സി ആര്‍ പി എഫ് ജവാന്മാരും ഒരു പൊലീസുകാരനും ഒരു സാധാരണക്കാരനും ഉള്‍പ്പെടുന്നു.
 
സൈനിക യൂണിഫോമിലെത്തിയ മൂന്നംഗസംഘമാണ് പോലീസ് സ്‌റ്റേഷന് നേരെ വെടിവെപ്പ് നടത്തിയത്. പൊലീസും ശക്തമായി തിരിച്ചടിച്ചു. കാശ്‌മീരില്‍ മുഫ്‌തി സര്‍ക്കാര്‍ അധികാരമേറ്റെടുത്തതിനു ശേഷമുള്ള ആദ്യ ഭീകരാക്രമണമായിരുന്നു ഇത്.

വെബ്ദുനിയ വായിക്കുക