ജമ്മു കാശ്‌മിര്‍ നിയമസഭയുടെ പ്രഥമസമ്മേളനം ഇന്നുമുതല്‍

ബുധന്‍, 18 മാര്‍ച്ച് 2015 (08:33 IST)
ജമ്മു കാശ്‌മിര്‍ നിയമസഭയുടെ പ്രഥമസമ്മേളനം ഇന്ന് ആരംഭിക്കും‍. സര്‍ക്കാരിന്റെ പ്രഥമ ബജറ്റ് ഈ മാസം 22ന് അവതരിപ്പിക്കും. 
നിയമ സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്നലെ പ്രോടേം സ്പീക്കര്‍ മുഹമ്മദ് ഷഫി അധ്യക്ഷനായ ചടങ്ങില്‍ പൂര്‍ത്തിയായി. സഭ ആരംഭിക്കുന്നതിനു മുമ്പുതന്നെ ബി ജെ പി - പി ഡി പി സഖ്യം ആടിയുലയാന്‍ തുടങ്ങിയിരുന്നു.
 
അതേസമയം, അഫ്‌സല്‍ ഗുരു പ്രമേയം ഉള്‍പ്പടെയുള്ള പുതിയ വിവാദങ്ങളാണ് സഭാസമ്മേളന കാലയളവില്‍ ജമ്മു കാശിമീരിനെ കാത്തിരിക്കുന്നത്. സ്വന്തം ഭൂരിപക്ഷമില്ലാതിരുന്ന പി ഡി പി, ബി ജെ പി പിന്തുണയോടെ ആയിരുന്നു കാശ്‌മീരില്‍ അധികാരത്തിലെത്തിയത്. എന്നാല്‍, അധികാരത്തിലെത്തിയതിന്റെ അടുത്തദിവസം തന്നെ മസ്രത്ത് ആലം എന്ന തടവുപുള്ളിയെ മോചിപ്പിച്ചത് വിവാദമായിരുന്നു.
 
ബി ജെ പിയുമായി കൂടിയാലോചിക്കാതെ പി ഡി പി കൈക്കൊണ്ട ഈ നടപടി ബി ജെ പി കേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്‌ടിച്ചിരുന്നു. 
തീവ്രവാദത്തിന് എതിരെ എപ്പോഴും നിലകൊണ്ട രാജ്യമാണ് ഇന്ത്യയെന്നും മസ്രത് ആലമിന്റെ മോചനം കേന്ദ്രത്തെ അറിയിച്ചിരുന്നില്ലെന്നും മോഡി പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. തീവ്രവാദത്തിനെതിരെയുള്ള നിലപാടില്‍ വിട്ടുവീഴ്‍ചയില്ലെന്നും മോഡി വ്യക്തമാക്കിയിരുന്നു.
 

വെബ്ദുനിയ വായിക്കുക