ജമ്മു കശ്‌മീരില്‍ കനത്ത മഴ; വെള്ളപ്പൊക്കം

തിങ്കള്‍, 30 മാര്‍ച്ച് 2015 (10:45 IST)
കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ജമ്മു കശ്‌മീരില്‍ വെള്ളപ്പൊക്കം. മഴ കനത്തതിനെ തുടര്‍ന്ന് ഝലം നദിയില്‍ ജലനിരപ്പ് ഉയര്‍ന്നു. ഝലം നദിയുടെ തീരങ്ങളില്‍ അധികൃതര്‍ ജാഗ്രതാനിര്‍ദ്ദേശം നല്കിയിരിക്കുകയാണ്. 
 
ഞായറാഴ്ച രാത്രി ഝലം നദിയിലെ ജലനിരപ്പ് 18.4 അടിയായി ഉയര്‍ന്നിരുന്നു. ജലനിരപ്പ് 23 അടിയായി ഉയര്‍ന്നാല്‍ തീരദേശത്തു നിന്ന് ആളുകളെ ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മഴയെ തുടര്‍ന്ന് കനത്ത മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്ന് മൂന്നുദിവസമായി ജമ്മു - ശ്രീനഗര്‍ ദേശീയപാത അടച്ചിട്ടിരിക്കുകയാണ്.
 
പ്രദേശത്തെ 40ഓളം കെട്ടിടങ്ങള്‍ മണ്ണിടിച്ചിലില്‍ തകര്‍ന്നു. കുല്‍ഗാം, പുല്‍വാമ, ബാറാമുള്ള, കുപ്‌വാര, ഗാന്ധര്‍ബാല്‍, കാര്‍ഗില്‍ ജില്ലകളില്‍ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. ശ്രീനഗര്‍, പാംപൂര്‍ എന്നിവിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകളും സജ്ജീകരിച്ചിട്ടുണ്ട്. ഇവിടെയുള്ള പ്രധാന തെരുവുകളിലെല്ലാം വെള്ളം കയറി കിടക്കുകയാണ്.

വെബ്ദുനിയ വായിക്കുക