ജമ്മു കശ്മീരില്‍ ഭീകരാക്രമണം: 8 സിആര്‍പിഎഫ് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു

Webdunia
ശനി, 25 ജൂണ്‍ 2016 (21:47 IST)
ജമ്മു കശ്മീരില്‍ ഭീകരാക്രമണത്തില്‍ എട്ട് സി ആര്‍ പി എഫ് ജവാന്‍‌മാര്‍ കൊല്ലപ്പെട്ടു. സിആര്‍പിഎഫ് സംഘത്തിന്റെ വാഹനവ്യൂഹത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സൈനികര്‍ നടത്തിയ പ്രത്യാക്രമണത്തില്‍ രണ്ടു ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
 
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ലഷ്കര്‍ ഇ തൊയ്ബ ഏറ്റെടുത്തു. 20 സൈനികര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് വിവരം.
 
പരിശീലനം കഴിഞ്ഞ് സൈനികരുമായി ശ്രീനഗര്‍ - ജമ്മു ദേശീയപാതയിലൂടെ ശ്രീനഗറിലേക്ക് പോകുകയായിരുന്ന ബസിനു നേരെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്.
 
രണ്ട് ഭീകരരെ വധിക്കാനായെങ്കിലും കൂടുതല്‍ ഭീകരര്‍ പ്രദേശത്തുണ്ടാകാമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Next Article