ജനാധിപത്യത്തിന്റെ കാവലാള്‍ സിഎജി വിനോദ് റായ് ഇന്ന് വിരമിക്കും
ബുധന്‍, 22 മെയ് 2013 (14:57 IST)
കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ വിനോദ് റായ് ഇന്നു വിരമിക്കും. സിഎജി ഓഫീസിന് ജനാധിപത്യത്തിന്റെ കാവലാള്‍ എന്ന പ്രതിഛായ നേടികൊടുത്ത ഉദ്ദ്യോഗസ്ഥനാണു വിനോദ് റായ്.
ടുജി സ്‌പെക്ട്രം, കല്‍ക്കരി കുംഭകോണം, കോമണ്‍വെല്‍ത്ത് അഴിമതി, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം തുടങ്ങി അനവധി അഴിമതി ഇടപാടുകളുടെ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വിനോദ് റായിയുടെ കാലയളവില്‍ പുറത്തുവന്നത്. സര്‍ക്കാരിനെ വരെ പ്രതിക്കൂട്ടിലാക്കിയ റിപ്പോര്‍ട്ടുകളായിരുന്നു ഇദ്ദേഹത്തിന്റേത്.
1972 ബാച്ചിലെ കേരള കേഡറിലെ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു വിനോദ് റായ്. തൃശൂര്‍ സബ് കളക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
2008ലാണ് സാമ്പത്തികകാര്യ വകുപ്പില്‍ സിഎജിയായി വിനോദ് റായ് നിയമിക്കപ്പെട്ടത്. സിഎ ജിയുടെ അധികാരം ജനങ്ങള്‍ക്കു ബോധ്യപ്പെട്ടത് വിനോദ് റായിയുടെ കാലഘട്ടം മുതലാണ്. ജനങ്ങളുടെ വിശ്വാസം ഇത്രത്തോളം നേടിയ സിഎജി ഉദ്യോഗസ്ഥന്‍ വേറെയില്ല. പുതിയ സിഎജി ആയി ചുമതലയേല്‍ക്കുന്ന ശശികാന്ത് ശര്‍മ്മയ്ക്ക് പ്രധാന വെല്ലുവിളിയാകുന്നതും ഇതുതന്നെ. വിനോദ് റായ് സിഎജിക്ക് നേടികൊടുത്ത ജനവിശ്വാസവും പുതിയമുഖവും പ്രതിരോധ സെക്രട്ടറിയായിരുന്ന ശശികാന്ത് ശര്‍മ്മ നിലനിര്‍ത്തുമോയെന്നു കാത്തിരുന്നു കാണാം.