ഗണപതിയെ വില്ലനാക്കി പുസ്തകമെഴുതിയ എഴുത്തുകാരനെതിരെ കേസ്
വ്യാഴം, 29 ഓഗസ്റ്റ് 2013 (11:53 IST)
PRO
വിനായക ചതുര്‍ത്ഥി അടുത്തിരിക്കെ ഗണപതിയെ റൗഡിയായും ക്രൂരനായും ചിത്രീകരിച്ചിരിക്കുന്ന ഡുണ്ഡി എന്ന പുസ്തകമെഴുതിയ എഴുത്തുകാരന്‍ പുലിവാലു പിടിച്ചു.
യോഗേഷ് മാസ്റ്ററിന്റെ ഡുണ്ഡി എന്ന പുസ്തകമാണ് ഹിന്ദുസംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നതെന്നും ബാംഗ്ലൂരില്‍ ഈ മാസം 21നാണ് പുസ്തകം പ്രസിദ്ധീകരിച്ചതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വനവാസിയായിരുന്ന ഗണപതി മഹര്‍ഷിമാരുടെ യഞ്ജശാലകളിലെത്തി ഏറെ ശല്യം ചെയ്തിരുന്നെന്നും, അതില്‍ നിന്ന് രക്ഷപ്പെടാന്‍ പിന്നീട് എല്ലാ യഞ്ജങ്ങള്‍ക്കും മുമ്പ് ഗണപതിയെ വിളിക്കുക പതിവായെന്നും ഇതാണ് പിന്നീട് ആചാരമായി മാറിയതെന്നും യോഗേഷ് മാസ്റ്റര്‍ തന്‍റെ പുസ്തകത്തില്‍ പറയുന്നതായി ഡൈജി വേള്‍ഡെന്ന വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്തു..
പുസ്തകം നിരോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും യോഗേഷ് പരസ്യമായി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് ഹിന്ദുസംഘടനകള്‍ ശക്തമായി രംഗത്തുണ്ട്.
മതവികാരത്തെ വ്രണപ്പെടുത്തിയതിന് കര്‍ണാടക പൊലീസ് യോഗേഷിനെതിരെ കേസെടുത്തു. നാഗര്‍ഭവി റോഡില്‍ രാജമാര്‍ഗ്ഗ സാഹിത്യ കലാസംസ്കൃതിയുടെ മാനേജിംഗ് ഡയറക്ടറാണ് 45കാരനായ യോഗേഷ് മാസ്റ്റര്‍.