ഗംഗാ നദിയെ മലിനമാക്കുന്നവർക്കെതിരെ കർശന നടപടിക്കു ശുപാർശയുമായി കേന്ദ്രം നിയമിച്ച പ്രത്യേക കമ്മിറ്റി. നദിയെ മലിനമാക്കുന്നവര്‍ക്ക് ഏഴ് വര്‍ഷം തടവും 100 കോടി രൂപ പിഴയും ശിക്ഷ ലഭിക്കുന്ന വിധത്തിലുള്ള നിയമനിര്‍മാണത്തിനാണ് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതെന്നാണ് സൂചന. ദേശീയ നദി ബില്‍ 2017 പ്രകാരമാണ് ബില്ലിന്റെ കരട് കേന്ദ്ര സമിതി തയ്യാറാക്കിയത്.
ഈ നിയം വരുന്നതോടെ ഗംഗയെ മലിനമാക്കുന്നത് ഏഴ് വർഷം തടവുശിക്ഷ ലഭിക്കുന്ന വഞ്ചന, മോഷണം, പരുക്കേൽപിക്കൽ എന്നിവക്ക് സമാനമായ കുറ്റകൃത്യമായി മാറുകയും ചെയ്യും. ഗംഗാനദിയിലെ ജലം മലിനമാക്കുക, നദീതടത്തില്‍ കുഴികളുണ്ടാക്കുക, ജലപ്രവാഹത്തിന് തടസ്സമുണ്ടാക്കുക, അനുവാദമില്ലാതെ ജട്ടികള്‍ നിര്‍മിക്കുക എന്നിങ്ങനെയുള്ള പ്രവര്‍ത്തനങ്ങളാണ് നിയമലംഘനത്തിന്റെ പട്ടികയില്‍ വരുക.
നേരത്തേ ഉത്തരാഖണ്ഡ് ഹൈക്കോടതി ഗംഗാനദിയെ ഒരു ജീവിക്കുന്ന അസ്തിത്വമായി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഗംഗാ നദിക്കായി പ്രത്യേക നിയമനിര്‍മാണം കൊണ്ടുവരുന്നത്. റിട്ടയേർഡ് ജസ്റ്റിസ് ഗിരിധാർ മാളവ്യയാണ് സമിതിയുടെ തലവൻ. കഴിഞ്ഞ ഏപ്രിലിലായിരുന്നു ജലവിഭവ മന്ത്രാലയത്തിന് നിയമത്തിന്റെ കരട് രേഖ സമർപ്പിച്ചത്. ബില്ലിൽ മറ്റൊരു വിദഗ്ദ്ധ സമിതിയുടെ നിർദ്ദേശങ്ങളും കേന്ദ്രം തേടിയിരുന്നു.