ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിംഗ് ഭുല്ലറുടെ വധശിക്ഷ സ്‌റ്റേ ചെയ്തു
വെള്ളി, 31 ജനുവരി 2014 (11:58 IST)
PTI
PTI
ഖാലിസ്ഥാന്‍ തീവ്രവാദി ദേവീന്ദര്‍പാല്‍ സിംഗ് ഭുല്ലറുടെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മനോനില തകരാറിലായ ഭുല്ലറുടെ വധശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഭാര്യ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്‍. ഹര്‍ജിയില്‍ വിശദീകരണം തേടി കേന്ദ്ര- ഡല്‍ഹി സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസ് അയച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ വധശിക്ഷയില്‍ ഇളവ് തേടി ഭുല്ലര്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി നിരസിച്ചിരുന്നു.
1993ലെ ഡല്‍ഹി സ്‌ഫോടനക്കേസില്‍ പ്രധാന പ്രതിയാണ് ഭുല്ലര്‍. ഒന്‍പത് പേരാണ് ഈ സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. 25 പേര്‍ക്ക് പരുക്കുമേറ്റിരുന്നു. ദയാഹര്‍ജിയില്‍ തീര്‍പ്പ് കല്പിക്കുന്നത് അനിശ്ചിതമായി നീണ്ടത് ഭുല്ലാറുടെ മാനസിക നില തകരാറിലാക്കിയെന്നായിരുന്നു ഭാര്യ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്.
ഭുല്ലറുടെ മാനസികാരോഗ്യസ്ഥിതിയെകുറിച്ച് ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഭുല്ലര്‍ ചികിത്സ തേടിയ ആശുപത്രിയോടും കോടതി നിര്‍ദേശിച്ചു. കോടതി അടുത്ത കാലത്ത് നടത്തിയ ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഭുല്ലറുടെ ഭാര്യ വീണ്ടും കോടതിയെ സമീപിച്ചത്. കേസ് അടുത്ത മാസം 19ന് വീണ്ടും പരിഗണിക്കും.