കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കുന്നത് ബിജെപിക്ക് അച്ഛേ ദിന്‍: സ്മൃതി ഇറാനി

വ്യാഴം, 2 ജൂണ്‍ 2016 (12:02 IST)
കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി സ്ഥാനമേറ്റെടുക്കുന്നത് ബി ജെ പിക്ക് അച്ഛേ ദിൻ ആയിരിക്കുമെന്ന് മാനവശേഷി മന്ത്രി സ്മൃതി ഇറാനി. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തിനിടെ നല്‍കിയ അഭിമുഖത്തിലാണ് രാഹുലിനെ പരിഹസിച്ച് സ്മൃതിയുടെ പരാമര്‍ശം. കൂടാതെ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായി മൽസരിക്കുന്നില്ലെന്നും അവർ വ്യക്തമാക്കി.
 
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ ജനങ്ങള്‍ക്കുവേണ്ടി തനിക്ക് ധാരാളം പദ്ധതികള്‍ നടപ്പാക്കാന്‍ കഴിഞ്ഞെന്നും എന്നാല്‍ ചിലത് നടപ്പാക്കാന്‍ പറ്റാതിരുന്നത് സാമ്പത്തിക പ്രശ്‌നം മൂലമാണെന്നും അവര്‍ പറഞ്ഞു. ജെഎൻയുവിലെയും ഹൈദരാബാദ് സർവകലാശാലയിലെയും പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മന്ത്രാലയം ഒരു സർവകലാശാലയുടെയും ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാറില്ല എന്നായിരുന്നു മന്ത്രി മറുപടി നല്‍കിയത്.
 
ഏറെ നാളത്തെ ചര്‍ച്ചകള്‍ക്കും പ്രതിസന്ധികള്‍ക്കുമൊടുവിലാണ് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്നത്. ഇപ്പോള്‍ റോബര്‍ട്ട് വദ്രക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് രാഹുലിനെ പാര്‍ട്ടിയുടെ തലപ്പത്തേക്ക് കൊണ്ടു വരാനുള്ള തീരുമാനമുണ്ടായത്. കൂടാതെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയും അധ്യക്ഷ സ്ഥാനം മാറുന്നതിനുള്ള കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക