കോണ്‍ഗ്രസിന് തിരിച്ചടി, ബി ജെ പിക്ക് നേട്ടം

ചൊവ്വ, 6 മാര്‍ച്ച് 2012 (20:41 IST)
PTI
അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടി. ഉത്തര്‍പ്രദേശില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണതന്ത്രങ്ങള്‍ പരാജയപ്പെട്ടു. പഞ്ചാബില്‍ വീണ്ടും ഭരണമുന്നണി അധികാരം കൊണ്ടുപോയി. ഗോവയില്‍ പരാജയം. ഉത്തരാഖണ്ഡില്‍ ബി ജെ പിയോട് സമാസമം. കോണ്‍ഗ്രസിന് ആകെ നേട്ടമായത് മണിപ്പൂരിലെ വിജയം മാത്രം.

അതേസമയം, വലിയ നേട്ടമൊന്നുമില്ലെങ്കിലും ബി ജെ പിക്ക് മുഖം രക്ഷിക്കാനായി. പഞ്ചാബില്‍ ശിരോമണി അകാലിദളിനോട് ചേര്‍ന്ന് ഭരണം നിലനിര്‍ത്തി. കര്‍ഷകരടക്കം സാധാരണ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനപ്പെരുമഴയാണ് പഞ്ചാബില്‍ ഭരണസഖ്യം വീണ്ടും വിജയം കണ്ടത്. 68 സീറ്റുകളാണ് അകാലിദള്‍ - ബി ജെ പി സഖ്യം നേടിയത്. കോണ്‍ഗ്രസ് 46 സീറ്റുകള്‍ സ്വന്തമാക്കി.

യു പിയില്‍ ബി ജെ പി 47 സീറ്റുകള്‍ നേടിയപ്പോള്‍ കോണ്‍ഗ്രസിന്‍റെ പ്രകടനം 37ല്‍ ഒതുങ്ങി. 224 സീറ്റ് നേടിയാണ് സമാജ്‌വാദി പാര്‍ട്ടി യു പിയില്‍ ഭരണം പിടിച്ചത്. മായാവതിയുടെ ബി എസ് പിയാകട്ടെ 80 സീറ്റുകള്‍ മാത്രം നേടി പരാജയത്തിന്‍റെ കയ്പുരസം രുചിച്ചു.

ഗോവയില്‍ ബി ജെ പി മിന്നുന്ന പ്രകടനം കാഴ്ച വച്ചു. 21 സീറ്റുകള്‍ നേടി ഭരണം പിടിച്ചു. കോണ്‍ഗ്രസ് വെറും ഒമ്പത് സീറ്റുകളില്‍ ഒതുങ്ങി. മനോഹര്‍ പരീഖര്‍ ഇവിടെ മുഖ്യമന്ത്രിയാകും.

ഉത്തരാഖണ്ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. കോണ്‍‌ഗ്രസ് 32 സീറ്റ് സ്വന്തമാക്കിയപ്പോള്‍ ബി ജെ പി 31 സീറ്റുകള്‍ നേടി. നിലവിലെ മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ ബി സി ഖണ്ഡൂരി പരാജയപ്പെട്ടു. ഇവിടെ ബി എസ് പി മൂന്നു സീറ്റുകളിലും ഉത്തരാഖണ്ഡ് ക്രാന്തി ദള്‍ ഒരു സീറ്റിലും വിജയിച്ചു. സ്വതന്ത്രര്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ചു.

മണിപ്പൂരില്‍ ഭരണമാറ്റമുണ്ടാക്കാന്‍ കോണ്‍ഗ്രസ് വിരുദ്ധര്‍ക്ക് കഴിഞ്ഞില്ല. 42 സീറ്റുകളില്‍ വിജയിച്ച് കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തി. തൃണമൂല്‍ കോണ്‍ഗ്രസ് ഏഴു സീറ്റുകള്‍ സ്വന്തമാക്കി.

വെബ്ദുനിയ വായിക്കുക