കൊലയാളി രാധിക ചെകിട്ടത്തടിച്ചയാള്‍?

വെള്ളി, 11 മാര്‍ച്ച് 2011 (09:52 IST)
PRO
ഡല്‍ഹിയില്‍ പട്ടാപ്പകല്‍ ജനത്തിരക്കേറിയ സ്ഥലത്തുവച്ച് വെടിയേറ്റ് മരിച്ച രാധിക തന്‍‌വര്‍ എന്ന കോളജ് വിദ്യാര്‍ത്ഥിനിയുടെ കൊലയാളി എന്ന് സംശയിക്കുന്ന ആളെ പൊലീസ് അറസ്റ്റ് ചെയ്തു. തന്നെ അപമാനിക്കാന്‍ ശ്രമിച്ചതിന് രാധിക ചെകിട്ടത്തടിച്ച ഒരു യുവാവാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പൊലീസിന് സംശയമുണ്ട്. ഇയാള്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി രാധികയുടെ പിന്നാലെ ചുറ്റുകയായിരുന്നു.

രണ്ടാഴ്ച മുമ്പാണ് സമീപവാസിയായ ചെറുപ്പക്കാരന്‍ രാധികയെ അപമാനിക്കാന്‍ ശ്രമിച്ചതും രാധിക അയാളുടെ ചെകിട്ടത് അടിച്ചതും. സംഭവം നടന്ന അതേ ദിവസം തന്നെ രാധികയുടെ കുടുംബക്കാരും ചെറുപ്പക്കാരനെ മര്‍ദ്ദിച്ചിരുന്നു. തനിക്കേറ്റ അപമാനത്തിനുള്ള പ്രതികാരമായിട്ടാവാം ചെറുപ്പക്കാരന്‍ രാധികയെ കൊലപ്പെടുത്തിയതെന്നും കരുതുന്നു.

ഇയാളെ കുറ്റകൃത്യം നടത്താന്‍ സഹായിച്ചു എന്ന് കരുതുന്ന ഒരാളെ ലോധി കോളനിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

അന്താരാഷ്ട്ര വനിതാ ദിനമായ ചൊവ്വാഴ്ച രാവിലെയാണ് രാധിക തന്‍‌വര്‍ എന്ന ഇരുപതുകാരി ദക്ഷിണ ഡല്‍ഹിയില്‍ വെടിയേറ്റ് മരിച്ചത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്ന രാധിക രാം ലാല്‍ ആ‍നന്ദ് കോളജിന് അടുത്തുള്ള നടപ്പാലത്തില്‍ വച്ചാണ് കൊല്ലപ്പെട്ടത്. നടപ്പാലത്തില്‍ ജനത്തിരക്കുള്ള സമയമായിട്ടുകൂടി കുറ്റവാളി രക്ഷപെട്ടു. വെടിയേറ്റ് ചോര്‍വാര്‍ന്ന് കിടന്ന രാധികയെ പത്തു മിനിറ്റിലധികം കഴിഞ്ഞാണ് ഒരു പൊലീസുകാരനെത്തി ആശുപത്രിയിലാക്കിയത്. എന്നാല്‍, അപ്പോഴേക്കും രാധിക മരിച്ചിരുന്നു.

വെബ്ദുനിയ വായിക്കുക