പഞ്ചാബില്‍ കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ മാസത്തിനകം തന്നെ മയക്കു മരുന്ന് മാഫിയകളെ നീക്കം ചെയ്യുമെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മയക്കു മരുന്ന് മാഫിയകള്‍ക്കെതിരെ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഞ്ചാബിൽ നീതിയും നിയമങ്ങളും ലംഘിക്കപ്പെടുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാത്ത സര്‍ക്കാരിനാണ് യുവാക്കളിലും മറ്റും മയക്ക് മരുന്ന് ഉപഭോഗം വര്‍ധിച്ചതിനുള്ള ഉത്തരവാദിത്തമെന്നും രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.
അതേസമയം, രാഹുല്‍ ഗാന്ധിക്കെതിരെ ബി ജെ പിയും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി. പഞ്ചാബ് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഹുൽ ഗാന്ധിയുടെ നാടകമാണിതെന്ന് ബി ജെ പി പ്രതികരിച്ചു. സംസ്ഥാനത്തെ മയക്കുമരുന്ന് പ്രശ്‌നത്തില്‍ പ്രതിഷേധിക്കാന്‍ രാഹുല്‍ഗാന്ധിക്ക് അവകാശമില്ലെന്ന് ആം ആദ്മി നേതാവ് ഭഗ്‌വത് മന്‍ പറഞ്ഞു. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ കാലത്തും മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ലെന്ന് ഭഗ്‌വത് കുറ്റപ്പെടുത്തി.