കേന്ദ്ര സര്‍ക്കാരിന്റെ അവസ്ഥ കണ്ടിട്ട് തെരഞ്ഞെടുപ്പ് ഈ വര്‍ഷം നടക്കുമെന്ന് തോന്നുന്നു: സുഷമ സ്വരാജ്

ചൊവ്വ, 30 ജൂലൈ 2013 (13:04 IST)
PTI
ദയനീയമായ കേന്ദ്ര സര്‍ക്കാരിന്റെ അവസ്ഥ കാണുമ്പോള്‍ ലോക്സഭാ തെരഞ്ഞെടുപ്പ്‌ ഈ വര്‍ഷം തന്നെ നടക്കാന്‍ സാധ്യതയുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ്‌ സുഷമ സ്വരാജ്‌ പറഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ തെരഞ്ഞെടുപ്പിന് തയ്യാറെത്തിരിക്കണമെന്ന് സുഷമ സ്വരാജ് ആവശ്യപ്പെട്ടു.

യുപി‌എ സര്‍ക്കാരിന്റെ ഗതികേട് കാണുമ്പോള്‍ ബിജെപിയുടെ മിഷന്‍ 2014 മിഷന്‍ 2013 ആയി മാറിയേക്കുമെന്നും സുഷമ പറഞ്ഞു. ബിജെപി മഹിള മോര്‍ച്ച സംഘടിപ്പിച്ച ദേശീയ പ്രവര്‍ത്തക സംമ്മേളനത്തില്‍ പ്രസംഗിക്കവെയാണ് സുഷമ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

PTI
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ യുപിഎ സര്‍ക്കാരിന്റെ പരാജയങ്ങള്‍ക്കൊപ്പം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേട്ടങ്ങളും ഉയര്‍ത്തിക്കാട്ടണമെന്ന് സുഷമ പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടു. സ്‌ത്രീകള്‍ക്കിടയിലെ തെരഞ്ഞെടുപ്പു പ്രചാരണത്തില്‍ കാര്‍ഷിക വളര്‍ച്ചയെയും വളര്‍ച്ചാ നിരക്കിനെയുമൊക്കെ കുറിച്ചു പ്രസംഗിക്കുന്നതില്‍ അര്‍ഥമില്ലയെന്നും സുഷമ പറഞ്ഞു.

പാലിനും പച്ചക്കറിക്കും വൈദ്യുതിക്കും വെള്ളത്തിനും മരുന്നിനുമൊക്കെ വില കയറി. സ്‌ത്രീകള്‍ അനുഭവിക്കുന്ന ദുരിതങ്ങളെ കുറിച്ച്‌ കേന്ദ്ര സര്‍ക്കാരിനെ ഓര്‍മിപ്പിക്കുകയാണു വേണ്ടതെന്നും സുഷമ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ വിലക്കയറ്റവും സ്‌ത്രീകളുടെ സുരക്ഷിതത്വമില്ലായ്മയും വിഷയങ്ങളാക്കണം. പാചകവാതകത്തിനുപോലും റേഷന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് വളരെ ദയനീയമായ അവസ്ഥയാണെന്നും സുഷമ കൂട്ടിച്ചേര്‍ത്തു‌.

വെബ്ദുനിയ വായിക്കുക