കേന്ദ്രമന്ത്രിമാര്‍ രാജിവെയ്ക്കണം; പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി

ചൊവ്വ, 7 മെയ് 2013 (14:55 IST)
PRO
PRO
ആരോപണവിധേയരായ കേന്ദ്രമന്ത്രിമാര്‍ രാജിവെയ്ക്കാതെ പാര്‍ലമെന്റില്‍ ഒരു ബില്ലും പാസാക്കാന്‍ അനുവദിക്കില്ലെന്ന് ബിജെപി.

റെയില്‍വേ കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ട മന്ത്രി പവന്‍കുമാര്‍ ബന്‍സലും കല്‍ക്കരിപ്പാടം അന്വേഷണ റിപ്പോര്‍ട്ട് തിരുത്തിയ നിയമമന്ത്രി അശ്വനികുമാറും രാജിവെയ്ക്കുകയോ പ്രധാനമന്ത്രി അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കുകയോ ചെയ്യണം. മന്ത്രിമാര്‍ തല്‍ക്കാലം രാജിവെയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് തീരുമാനം നിരുത്തരവാദപരമാണെന്നും ബിജെപി വക്താവ് ആരോപിച്ചു.

ദേശീയ ഭക്ഷ്യസുരക്ഷാ ബില്ലും ഭൂമി ഏറ്റെടുക്കല്‍ ബില്ലുമാണ് പാസാക്കാനുള്ളത്. എന്നാല്‍ പാര്‍ലമെന്റിലെ നടപടിക്രമങ്ങളുമായി സഹകരിക്കേണ്ടെന്നാണ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ട്ടിയോഗത്തിന്റെ തീരുമാനം. പാര്‍ലമെന്റിന്റെ ഇരുസഭകളിലും ചൊവ്വാഴ്ചയും പ്രതിപക്ഷ ബഹളത്തില്‍ സഭാനടപടികള്‍ തടസ്സപ്പെട്ടു.

കല്‍ക്കരിപ്പാടങ്ങള്‍ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടില്‍ നിയമമന്ത്രി അശ്വിനി കുമാര്‍ മാറ്റം വരുത്തിയെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചതും റെയില്‍വേ ബോര്‍ഡ് അംഗത്തിന് ഉന്നത പദവി നല്‍കാന്‍ റെയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സലിന്റെ സഹോദരീപുത്രന്‍ കൈക്കൂലി വാങ്ങിയെന്ന് തെളിഞ്ഞതുമാണ് കേന്ദ്രസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയത്.

വെബ്ദുനിയ വായിക്കുക