കുരുക്ക് മുറുകുന്നു; ബിജെപിയും പിജെ കുര്യനെ കൈയ്യൊഴിഞ്ഞു

ചൊവ്വ, 12 ഫെബ്രുവരി 2013 (17:05 IST)
PRO
PRO
സൂര്യനെല്ലിക്കേസില്‍ ആരോപണം നേരിടുന്ന രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍
രാജിവയ്ക്കണമെന്ന് ബിജെപി ദേശീയ നേതൃത്വം. കുര്യനെതിരെ തുടരന്വേഷണം വേണം എന്നും പാര്‍ട്ടി വക്താവ് പ്രകാശ് ജാവദേക്കര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

സൂര്യനെല്ലിക്കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാണ്. കുറ്റവിമുക്തനാകുന്നത് വരെ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്ത് നിന്ന് കുര്യന്‍ മാറി നില്‍ക്കണമെന്നും ജാവദേക്കര്‍ പറഞ്ഞു. കുര്യന് വേണ്ടി സുപ്രീംകോടതിയില്‍ വാദിച്ച പാര്‍ട്ടി നേതാവ് അരുണ്‍ ജെയ്റ്റ്ലിയോട് കൂടിയാലോചിച്ച ശേഷമാണ് ജാവ്ദേക്കര്‍ ഈ തീരുമാനം പ്രഖ്യാപിച്ചത്.

കുര്യന്റെ കാര്യത്തില്‍ സ്വീകരിച്ച നിലപാട് പുനഃപരിശോധിക്കാനും മൃദുസമീപനം മാറ്റാനും പാര്‍ട്ടി കേന്ദ്രനേതൃത്വം തിങ്കളാഴ്ചയാണ് തീരുമാനിച്ചത്. സംസ്ഥാന നേതൃത്വം കുര്യനെതിരെ ശക്തമായി രംഗത്തെത്തിയപ്പോള്‍ ദേശീയ നേതൃത്വം മൃദുസമീപനത്തില്‍ ഉറച്ചു നിന്നത് വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. തുടര്‍ന്ന് സംസ്ഥാന നേതൃത്വം ഡല്‍ഹിയില്‍ എത്തി കാര്യങ്ങള്‍ ധരിപ്പിച്ച ശേഷമാണ് ഈ നിലപാട് മാറ്റം ഉണ്ടായിരിക്കുന്നത്. കുര്യനെതിരായ പുതിയ വെളിപ്പെടുത്തലുകളുടെ വിശദാംശങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടിരുന്നു.

മൃദുസമീപനം മാറ്റി ബി ജെ പിയും കൈയൊഴിഞ്ഞതോടെ കുര്യന്റെ രാജിയ്ക്ക് സമ്മര്‍ദ്ദമേറും എന്ന് വ്യക്തമായി. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ആരംഭിക്കാനിരിക്കെ കുര്യനെതിരെ കടുത്ത പ്രക്ഷോഭം ഉയരും എന്ന് ഉറപ്പായിക്കഴിഞ്ഞു.

വെബ്ദുനിയ വായിക്കുക