കുട്ടികളെ പീഡിപ്പിക്കുന്നതിനെതിരെ നിയമം

ബുധന്‍, 30 ജൂണ്‍ 2010 (10:46 IST)
കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് തടയുന്ന നിയമം ഉടന്‍ പ്രാബല്യത്തിലാക്കുമെന്ന് നിയമ മന്ത്രി എം വീരപ്പ മൊയ്‌ലി. ഇതു സംബന്ധിച്ച കരട് ബില്‍ തയ്യാറായി എന്നും അത് ഉടന്‍ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ക്കായി നല്‍കുമെന്നും മന്ത്രി വെളിപ്പെടുത്തി.

പുതിയ നിയമത്തില്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്നതിന് എല്ലാ ജില്ലകളിലും പ്രത്യേക കോടതികള്‍ സ്ഥാപിക്കാനും പ്രത്യേക സര്‍ക്കാര്‍ അഭിഭാഷകരെ നിയോഗിക്കാനും വ്യവസ്ഥകളുണ്ടാവും. ഇതാദ്യമായാണ് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയുന്നതിന് പ്രത്യേക നിയമം വരുന്നത്.

ഇത്തരം കേസുകളില്‍, പരാതി ലഭിച്ച് ഒരു മാസത്തിനുള്ളില്‍ തെളിവ് രേഖപ്പെടുത്തണം എന്നും ഒരു വര്‍ഷത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കണെമെന്നും കരട് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നു. കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങളെ അഞ്ച് വിഭാഗങ്ങളായി തിരിച്ച് വിചാരണ ചെയ്യണമെന്നാണ് കരട് ബില്ലില്‍ നിര്‍ദ്ദേശിക്കുന്നത്. കുട്ടികളുടെ അശ്ലീല ചിത്രങ്ങളെടുക്കുന്നതും കുട്ടികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അഞ്ച് വിഭാഗങ്ങളില്‍ ഉള്‍പ്പെടും.

കരട് ബില്ലില്‍ 18 വയസ്സിനു താഴെയുള്ളവരെയാണ് കുട്ടികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. എന്നാല്‍, 14 പ്രഖ്യാപിത ഉപാധികള്‍ പാലിക്കുന്ന രീതിയിലുള്ള സമ്മതമുണ്ടെങ്കില്‍ 16 വയസ്സിനു മുകളില്‍ പ്രായമുള്ളവരുമായി ബന്ധപ്പെടാമെന്നും ബില്ലില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക