കുടുംബവാഴ്ച അവസാനിക്കണമെന്ന് രാഹുലും

ബുധന്‍, 30 സെപ്‌റ്റംബര്‍ 2009 (12:39 IST)
PRO
രാഷ്ട്രീയത്തിലെ കുടുംബ വാഴ്ച അവസാനിക്കണമാണെന്നാണ് മറ്റുള്ളവര്‍ക്കൊപ്പം താനും ആഗ്രഹിക്കുന്നത് എന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി. ബുധനാഴ്ച ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

കുടുംബവാഴ്ച നിലനില്‍ക്കുന്നുണ്ട്. അതൊരു സത്യമാണ്. താന്‍ കുടുംബവാഴ്ച പ്രചരിപ്പിക്കാന്‍ ആഗ്രഹിക്കുന്നില്ല. അതേസമയം, ഈ സമ്പ്രദായത്തില്‍ മാറ്റം വരുത്താനാണ് ശ്രമിക്കുന്നത്, താന്‍ ഉള്‍പ്പെടുന്ന കുടുംബവാഴ്ചയെ കുറിച്ചുള്ള ഒരു ചോദ്യത്തിനു മറുപടിയായി രാഹുല്‍ പറഞ്ഞു. രാഹുലിന്റെ വിശദീകരണത്തില്‍ തൃപ്തയാവാതെ ഒരു വിദ്യാര്‍ത്ഥിനി പ്രതിഷേധം പ്രകടിപ്പിക്കാനായി കറുത്ത തുണി ഉയര്‍ത്തിക്കാട്ടി എന്നും റിപ്പോര്‍ട്ടുണ്ട്.

യുപിയിലും മഹാരാഷ്ട്രയിലും ദളിതര്‍ക്കിടയില്‍ സന്ദര്‍ശനം നടത്തിയപ്പോള്‍ അവര്‍ ഹൃദയപൂര്‍വമാണ് എതിരേറ്റത്. അവരെ സന്ദര്‍ശിച്ച ആദ്യ രാഷ്ട്രീയ നേതാവ് താനാണെന്ന് പറഞ്ഞ് അവര്‍ കെട്ടിപ്പിടിച്ചു എന്നും വിവാദമായ തന്റെ സന്ദര്‍ശനത്തെ കുറിച്ച് രാഹുല്‍ പറഞ്ഞു.

തന്റെ സന്ദര്‍ശനം വിമര്‍ശിക്കപ്പെട്ടതിലുള്ള അത്ഭുതവും രാഹുല്‍ മറച്ചുവച്ചില്ല. ദളിതരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തിയാല്‍ അത് ചോദ്യം ചെയ്യപ്പെടും. അതേസമയം, സന്ദര്‍ശനം നടത്താതിരുന്നാല്‍ എന്തുകൊണ്ട് സന്ദര്‍ശനം നടത്തിയില്ല എന്ന ചോദ്യം ഉയരാതിരിക്കുകയും ചെയ്യും. ഞാന്‍ പാവപ്പെട്ടവരുടെ വീട്ടിലാണ് സന്ദര്‍ശനം നടത്തിയത്. അത് ദളിതരുടെയോ ആദിവാസികളുടെയോ വീടാണെന്ന് മാധ്യമങ്ങളാണ് പറയുന്നത് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വെബ്ദുനിയ വായിക്കുക