കീഴടങ്ങിയ ജെ എന്‍ യു വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു: വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് കോടതിയുടെ കര്‍ശന നിര്‍ദ്ദേശം

വ്യാഴം, 25 ഫെബ്രുവരി 2016 (01:53 IST)
രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെത്തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്‍ഭാന്‍ ഭട്ടാചാര്യ എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഡല്‍ഹി വിചാരണക്കോടതിയുടെതാണ് വിധി. ഒരാഴ്ചത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇരുവരും സര്‍വകലാശാലയ്ക്ക് പുറത്തെത്തി പൊലീസില്‍ കീഴടങ്ങിയത്. ഇവരുടെ സുരക്ഷ ഉറപ്പു വരുത്തണമെന്നും കസ്റ്റഡി സംബന്ധിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കണമെന്നും കോടതി പൊലീസിനോട് ആവശ്യപ്പെട്ടു.
 
കനയ്യ കുമാറിന് മര്‍ദ്ദനമേറ്റ സാഹചര്യത്തില്‍ തങ്ങള്‍ക്ക് കീഴടങ്ങാന്‍ പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തണം എന്ന് ഇവര്‍ ഡല്‍ഹി ഹൈക്കോടതിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് കോടതി അംഗീരിച്ചില്ല. വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കിയ ഇരുവരെയും പൊലീസ് അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഡിഎസ്‌യു മുന്‍ അംഗങ്ങളാണ് ഉമര്‍ ഖാലിദും അനിര്‍ഭാന്‍ ഭട്ടാചാര്യയും. ഇരുവര്‍ക്കുമൊപ്പം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന രാമനാഗ, അശുതോഷ് കുമാര്‍, അനന്ത് പ്രകാശ് എന്നിവര്‍ ഇപ്പോഴും കാമ്പസില്‍ തുടരുകയാണ്.
 

വെബ്ദുനിയ വായിക്കുക