കസബ്‌ എത്തിയത്‌ കടല്‍മാര്‍ഗമല്ലെന്ന്

വെള്ളി, 27 ഫെബ്രുവരി 2009 (17:29 IST)
മുംബൈ ആക്രമണത്തിനിടെ പിടിയിലായ ഏക തീവ്രവാദി അജ്‌മല്‍ അമീര്‍ കസബ്‌ ഇന്ത്യയിലെത്തിയത് കടല്‍മാര്‍ഗമാണ് എന്നതിന് യാതൊരു തെളിവുമില്ലെന്ന് പാകിസ്ഥാന്‍ നാവികസേനാ മേധാവി അഡ്മിറല്‍ നോമന്‍ ബഷീര്‍.

കസബ് കടല്‍മാര്‍ഗമാണ് ഇന്ത്യയിലെത്തിയത് എന്നത് സ്ഥാപിക്കാനാവശ്യമായ യാതൊരു തെളിവും ഇല്ല. ഇനി കടല്‍ മാര്‍ഗം തന്നെയാണ് കസബ് ഇന്ത്യയില്‍ എത്തിയതെങ്കില്‍ അത് ഇന്ത്യന്‍ നാവികസേനയുടെയും തീരദേശ സേനയുടെയും പരാജയമാണെന്നും ബഷീര്‍ പറഞ്ഞു.

തീവ്രവാദികള്‍ പാകിസ്ഥാനില്‍ നിന്ന് കടല്‍മാര്‍ഗം മുംബൈയിലേക്ക് തിരിച്ചത് പാക് നാവികസേനയുടെ വീഴ്ചയാണെങ്കില്‍ പാക് സേനയേക്കാള്‍ പത്തിരട്ടി വലിപ്പമുള്ള ഇന്ത്യന്‍ നാവികസേനയ്ക്ക് എന്തുകൊണ്ടത് കണ്ടെത്താനായില്ലെന്നും ബഷീര്‍ ചോദിച്ചു.

സര്‍ക്രീക്ക് ലൈന്‍ തര്‍ക്കം ഇപ്പോഴും നിലനില്‍ക്കുന്നതിനാല്‍ ഗുജറാത്ത് തീരത്ത് പട്രോളിംഗ് നടത്തുക എന്നത് പാക് നാവികസേനയെ സംബന്ധിച്ചിടത്തോളം വിഷമകരമായ കാര്യമാണെന്നും ബഷീര്‍ പറഞ്ഞു.

മുംബൈ ആക്രമണത്തെക്കുറിച്ച്‌ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ക്ക്‌ വിരുദ്ധമായ അഭിപ്രായമാണ്‌ നാവികസേനാ തലവന്‍ ഇന്ന്‌ പറഞ്ഞത്‌. ഇന്ത്യയുടെ ആരോപണങ്ങള്‍ ഭാഗികമായി അംഗീകരിക്കുന്നുവെന്ന്‌ ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

മുംബൈ ഭീകരാക്രമണക്കേസില്‍ പൊലീസ് കസബിനും മറ്റ് പ്രതികള്‍ക്കുമെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച് രണ്ട് ദിവസത്തിനുള്ളിലാണ് പാകിസ്ഥാന്‍ വീണ്ടും നിലപാടില്‍ മാറ്റം വരുത്തിയതെന്നത് ശ്രദ്ധേയമാണ്.

വെബ്ദുനിയ വായിക്കുക