കസബിന്‍റെ കസ്റ്റഡി ഫെബ്രുവരി 13 വരെയാക്കി

തിങ്കള്‍, 2 ഫെബ്രുവരി 2009 (15:21 IST)
മുംബൈ ഭീകരാക്രമണത്തില്‍ ജീവനോടെ പിടികൂടിയ ഏക ഭീകരന്‍ അജ്മല്‍ അമിന്‍ കസബിന്‍റെ പൊലീസ് കസ്റ്റഡി ഫെബ്രുവരി 13 വരെ നീട്ടി. ഭീകരര്‍ ഇന്ത്യയിലേക്ക് വരാന്‍ ഉപയോഗിച്ച ‘കുബേര്‍’ എന്ന മത്സ്യബന്ധന ബോട്ടിന്‍റെ ക്യാപ്റ്റനെ വധിച്ച കേസിലാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

സുരക്ഷാ കാരണങ്ങളാല്‍ അജ്ഞാത കേന്ദ്രത്തില്‍ വച്ചായിരുന്നു കോടതി കൂടിയത്. അഡീഷണല്‍ മെട്രോപോളിത്തന്‍ മജിസ്ട്രേറ്റ് എന്‍ ശ്രീമംഗലെയും സര്‍ക്കാര്‍ അഭിഭാഷകന്‍ ഇ ബി ധമാലും കസബിനെ സൂക്ഷിച്ചിരിക്കുന്നിടത്തേക്ക് എത്തിയാണ് വിചാരണ നടത്തിയത്.

ഭീകരാക്രമണം നടന്ന നവംബര്‍ 26 ന് രാത്രിയില്‍ തന്നെ കസബ് അറസ്റ്റിലായിരുന്നു. ഇന്ന് അഭിഭാഷകര്‍ ഇല്ലാതെയാണ് കസബിനെ കോടതിയില്‍ ഹാജരാക്കിയത്. അഭിഭാഷകര്‍ക്കായി കസബ് ആവശ്യം ഉന്നയിച്ചില്ല എന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇ ബി ധമാല്‍ പറഞ്ഞു.

പാകിസ്ഥാനിലെ ഫരിദ് കോട്ട് നിവാസിയായ കസബും മറ്റ് ഒമ്പത് ഭീകരരും പാകിസ്ഥാനില്‍ നിന്ന് ‘അല്‍-ഹുസൈനി’ എന്ന ബോട്ടിലാണ് മുംബൈയിലേക്ക് യാത്ര തിരിച്ചത്. മുംബൈക്ക് അടുത്ത് എത്തിയപ്പോള്‍ ഗുജറാത്തില്‍ നിന്നുള്ള ‘കുബേര്‍’ എന്ന ബോട്ട് പിടിച്ചെടുത്ത് യാത്ര തുടരുകയും ബോട്ടിന്‍റെ ക്യാപ്റ്റനെ വധിക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക