കശ്മീരിലെ സോപോറില്‍ ഒരു വീട്ടില്‍ മറഞ്ഞിരുന്ന ഭീകരരും പൊലീസും തമ്മില്‍ ശനിയാഴ്ച വൈകുന്നേരം മുതല്‍ നടന്നുവന്ന വെടിവയ്പ് അവസാനിച്ചു. വെടിവയ്പില്‍ ഒരു വീട് പൂര്‍ണമായും തകര്‍ന്നു. അവശിഷ്ടങ്ങള്‍ക്കിടയില്‍ പൊലീസ് തെരച്ചില്‍ നടത്തുന്നു.
വീട്ടില്‍ മറഞ്ഞിരുന്ന ഹര്‍ക്കത്ത്-ഉള്-മുജാഹിദ്ദീന്‍ കമാണ്ടര്‍ രാത്രിയുടെ മറവില്‍ രക്ഷപെട്ടു എന്ന് സൂചനയുണ്ട്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൊലീസ് ഒരു ലാപ്ടോപ്പും എ കെ-47 തോക്കുകളും കണ്ടെടുത്തു.
തെരച്ചില്‍ പൂര്‍ത്തിയായ ശേഷം മാത്രമേ വീടിനുള്ളില്‍ ഉണ്ടായിരുന്ന ഭീകരരില്‍ എത്രപേര്‍ കൊല്ലപ്പെട്ടു എന്ന് വ്യക്തമാവൂ എന്ന് പൊലീസ് അധികൃതര്‍ അറിയിച്ചു. മുന്‍കൂട്ടി ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് വീട് വളഞ്ഞത്.
ശ്രീനഗറില്‍ നിന്ന് 52 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടല്‍ നടന്നത്. രാഷ്ട്രീയ റൈഫിള്‍സ് 22 ലെ അംഗങ്ങളും സംസ്ഥാന പൊലീസിലെ സ്പെഷല്‍ ഓപ്പറേഷന്‍സ് വിഭാഗവും വീട് വളഞ്ഞാണ് ആക്രമണം നടത്തിയത്.