കള്ളപ്പണത്തിന്റെ കണക്ക് ചോദിച്ച് കഴിഞ്ഞ നാലു മാസത്തിനുള്ളില്‍ സ്വിസ് സര്‍ക്കാരിന് ഇന്ത്യ കത്തെഴുതിയത് മൂന്ന് തവണ. സ്വിറ്റ്സര്‍ലാന്‍ഡിലെ എച്ച്എസ്ബിസി ബാങ്കുകളില്‍ ഇന്ത്യക്കാര്‍ക്കുള്ള നിക്ഷേപത്തിന്റെ വിവരങ്ങള്‍ ആരാഞ്ഞാണ് കത്തെഴുതിയത്. ഏറ്റവുമവസാനത്തെ കത്തിനു നല്‍കിയ മറുപടിയിലും സ്വിസ് സര്‍ക്കാര്‍ ഈ വിവരങ്ങള്‍ കൈമാറാന്‍ സാധ്യമല്ലെന്ന് അറിയിക്കുകയായിരുന്നു. കണക്കു ചോദിച്ചപ്പോള്‍ സ്വിസ് അധികൃതര്‍ കാണിച്ച അവഗണനയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിഷേധിച്ചു.
ആഗോള സാമ്പത്തിക വേദികളില്‍ സ്വിറ്റ്‌സര്‍ലാന്‍ഡ് സര്‍ക്കാരിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം വ്യക്തമാക്കി. പക്ഷേ ഇന്ത്യ ആവശ്യപ്പെടുന്ന വിവരങ്ങള്‍ നല്‍കാന്‍ രാജ്യാന്തര നിയമങ്ങള്‍ അനുവദിക്കുന്നില്ലെന്നതാണ് സ്വിറ്റ്സര്‍ലാന്‍ഡിന്റെ നിലപാട്. അതേസമയം ഫ്രഞ്ച് സര്‍ക്കാര്‍ ആവശ്യപ്പെട്ട വിവരങ്ങള്‍ നല്‍കുകയും ചെയ്തു.
വിവിധ രാജ്യങ്ങളില്‍നിന്നുള്ള സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് സ്വിറ്റ്സര്‍ലാന്‍ഡ് ബാങ്കിംഗ് രഹസ്യം സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുകയും 2011ല്‍ വിവര വിനിമയം സുഗമമാക്കുന്നതിന് ഇന്ത്യയുമായി കരാറൊപ്പിടുകയും ചെയ്തിരുന്നു. മാത്രമല്ല ഒരു സ്വിസ് പ്രതിനിധിസംഘം ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ത്യ സന്ദര്‍ശിക്കുകയും ചെയ്തു. എന്നിട്ടും ഇക്കാര്യത്തില്‍ സഹകരണം വേണ്ടത്രയുണ്ടായിട്ടില്ലെന്നാണ് ഇന്ത്യയുടെ പരാതി.