കള്ളപ്പണം: സര്‍ക്കാരിന് വീണ്ടും രൂക്ഷ വിമര്‍ശനം

വ്യാഴം, 27 ജനുവരി 2011 (13:25 IST)
PRO
വിദേശ ബാങ്കുകളിലെ ഇന്ത്യക്കാരുടെ കള്ളപ്പണ നിക്ഷേപത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്താത്തതിന് കേന്ദ്ര സര്‍ക്കാരിന് വീണ്ടും സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കള്ളപ്പണ നിക്ഷേപം വെറുമൊരു നികുതി പ്രശ്നമായി മാത്രം കാണരുത് എന്നും കോടതി പറഞ്ഞു.

വെറുമൊരു നികുതി വിഷയമായി മാത്രം കള്ളപ്പണ നിക്ഷേപത്തെ കാണാന്‍ കഴിയില്ല. സര്‍ക്കാര്‍ കള്ളപ്പണം നിക്ഷേപിച്ചവര്‍ക്കെതിരെ എന്തു നടപടി സ്വീകരിച്ചു എന്നും പണത്തിന്റെ സ്രോതസ്സുകളെ കുറിച്ച് അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

നിക്ഷേപകരുടെ പേരു വിവരം സര്‍ക്കാരിന് അറിയാമെങ്കിലും അവര്‍ ആരുടെയെങ്കിലും ബിനാമിയാണോ എന്നും പണം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുള്ളതാണോ എന്ന് അന്വേഷിച്ചിട്ടുണ്ടോ എന്നും കോടതി ചോദിച്ചു. ചോദ്യങ്ങള്‍ക്കുള്ള മറുപടി ബുധനാഴ്ചയ്ക്കുള്ളില്‍ അറിയിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രമഹ്ണ്യമാണ് സര്‍ക്കാരിനു വേണ്ടി കോടതിയില്‍ ഹാജരായത്. വിദേശബാങ്കുകളില്‍ കള്ളപ്പണം നിക്ഷേപിച്ചവരുടെ പേരുവിവരങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള കരാറിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്താന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ ഇന്നും നിലപാട് എടുത്തത്.

വെബ്ദുനിയ വായിക്കുക