കല്‍ക്കരിപ്പാടം കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു

വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (15:00 IST)
PRO
PRO
സുപ്രീംകോടതി, കല്‍ക്കരിപ്പാടങ്ങളുടെ വിതരണവുമായി ബന്ധപ്പെട്ട കേസില്‍ ഏഴ് സംസ്ഥാനങ്ങള്‍ക്ക് നോട്ടീസയച്ചു. ഒക്ടോബര്‍ 29-ന് മുമ്പ്‌ സ്വകാര്യ കമ്പനികള്‍ക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന്റെ എല്ലാ വിവരങ്ങളും സംസ്ഥാന സര്‍ക്കാറുകള്‍ നല്‍കണമെന്നാണ് നോട്ടീസിലുള്ളത്.

മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, ജാര്‍ഖണ്ഡ്, ഒറീസ എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസയച്ചത്. ജസ്റ്റിസുമാരായ ആര്‍എം ലോധ, മദന്‍ ബി ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരടങ്ങുന്ന ബെഞ്ചാണ് നോട്ടീസ് അയച്ചത്.

അതെസമയം കല്‍ക്കരി ഇടപാടുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാന്‍ കോണ്‍ഗ്രസ് എംപി നവീന്‍ ജിന്‍ഡലിനോട് സിബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. കല്‍ക്കരി കേസില്‍ ജിന്‍ഡലിനെയും മന്ത്രിയായിരുന്ന ദാസരി നാരായണ റാവുവിനെയും സിബിഐ പ്രതി ചേര്‍ത്തിട്ടുണ്ട്.

ജിന്‍ഡലിന്റെ കമ്പനിക്ക് കല്‍ക്കരിപ്പാടങ്ങള്‍ നല്‍കിയതിന് പകരമായി രണ്ടേകാല്‍ കോടി രൂപ നിക്ഷേപമായി ദാസരിക്ക് ലഭിച്ചുവെന്നാണ് സിബിഐയുടെ കേസ്.

വെബ്ദുനിയ വായിക്കുക