കല്‍ക്കരിപ്പാടം അഴിമതി: പ്രധാനമന്ത്രിയുടെ ഓഫീസിന് സിബിഐ ചോദ്യാവലി കൈമാറി

വെള്ളി, 25 ഒക്‌ടോബര്‍ 2013 (14:26 IST)
PTI
PTI
കല്‍ക്കരിപ്പാടം കൈമാറ്റക്കേസില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് സിബിഐ ചോദ്യാവലി കൈമാറി. ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിന്റെ വിശദാംശങ്ങളാണ് സിബിഐ ആരാഞ്ഞത്. സിബിഐ അന്വേഷണം നേരിടാന്‍ ഒരുക്കമാണെന്ന് പ്രധാനമന്ത്രി ഇന്നലെ വ്യക്തമാക്കിയിരുന്നു. താന്‍ നിയമത്തിന് അതീതനല്ലെന്നും തനിക്ക് ഇക്കാര്യത്തില്‍ ഒന്നും ഒളിക്കാനില്ലെന്നുമായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

കുമാരമംഗലം ബിര്‍ളയുടെ ഉടമസ്ഥതയിലുള്ള ഹിന്‍ഡാല്‍കോയ്ക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതിനെ പ്രധാനമന്ത്രി ന്യായീകരിച്ചതിന് പിന്നാലെ ഇതുസംബന്ധിച്ച ഫയലുകള്‍ പൂര്‍ണമായും കൈമാറാന്‍ ആവശ്യപ്പെട്ട് സിബിഐ പ്രധാനമന്ത്രിയുടെ ഓഫീസിന് കത്തയയ്ക്കുകയും ചെയ്തു. തലബീര കല്‍ക്കരിപ്പാടങ്ങള്‍ ഹിന്‍ഡാല്‍കോയ്ക്ക് നല്‍കാനുള്ള അന്തിമതീരുമാനമെടുക്കും മുമ്പ് ഫയലുകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടിരുന്നതായാണ് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയത്. യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രമാണ് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചത്. ഹിന്‍ഡാല്‍കോയ്ക്ക് പാടം അനുവദിക്കാന്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്കിന്റെ ശുപാര്‍ശയുമുണ്ടായിരുന്നതായും പ്രധാനമന്ത്രിയുടെ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചിരുന്നു.

കല്‍ക്കരിപ്പാടം കേസില്‍ മുന്‍ കല്‍ക്കരി സെക്രട്ടറി പി സി പരേഖിനെതിരെ നേരത്തെ സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ മന്‍മോഹന്‍ സിംഗിനെതിരെ പരേഖ് രംഗത്തെത്തുകയും ചെയ്തു. വ്യവസായി കുമാരമംഗലം ബിര്‍ളയുടെ കമ്പനിക്ക് കല്‍ക്കരിപ്പാടം അനുവദിച്ചതില്‍ ഗൂഢാലോചന ഉണ്ടെങ്കില്‍ അന്ന് വകുപ്പിന്റെ ചുമതല ഉണ്ടായിരുന്ന മന്‍മോഹന്‍ സിംഗിനുമെതിരെ കേസ് എടുക്കേണ്ടി വരുമെന്നാണ് പരേഖ് പ്രതികരിച്ചത്. കല്‍ക്കരിപ്പാടം അനുവദിച്ച് കൊണ്ടുള്ള ഫയലുകളില്‍ അന്തിമ തീരുമാനം എടുത്തത് മന്‍മോഹന്‍ സിംഗാണ്. അങ്ങനെയെങ്കില്‍ ഗൂഢാലോചനയില്‍ മൂന്നാം പ്രതി അദ്ദേഹമാണെന്നും പരേഖ് പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക