അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് കലാവതി മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ആശുപത്രിയില്‍ നിന്ന് ആംബുലന്‍സില്‍ എത്തിയാണ് കലാവതി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
വിദര്‍ഭയിലെ വാനി നിയോജകമണ്ഡലത്തില്‍ നിന്നുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കലാവതി.
കടുത്ത നെഞ്ച് വേദനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയില്‍ കലാവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ആശുപത്രിയില്‍ നിരീക്ഷണത്തില്‍ ആയതിനാല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ കഴിയില്ല എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, ഒരു ഡോക്ടറുടെയും വിദര്‍ഭ ജന ആന്ദോളന്‍ സമിതി അധ്യക്ഷന്‍ കിഷോരി തിവാരിയുടെയും സഹായത്തോടെയെത്തി പത്രിക സമര്‍പ്പിക്കുകയായിരുന്നു.
ഇന്ത്യന്‍ ഗ്രാമീണതയുടെ ദയനീയ മുഖം എന്ന് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ വിശേഷിപ്പിച്ചതു വഴിയാണ് കലാവതി മാധ്യമ പ്രശസ്തി നേടിയത്. ഇതെ തുടര്‍ന്ന് ‘സുലഭ് ഇന്റര്‍നാഷണല്‍’ കലാവതിക്ക് 30 ലക്ഷം രൂപയുടെ ധനസഹായം നല്‍കിയിരുന്നു.
ഇതിനിടെ, ഒരു മറാത്തി ദിനപ്പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ തനിക്ക് തെരഞ്ഞെടുപ്പിനെ കുറിച്ചും രാഷ്ട്രീയത്തിനെ കുറിച്ചും ധാരണയില്ല എന്നും വിദര്‍ഭ ജന ആന്ദോളന്‍ സമിതിയാണ് മത്സരിക്കാന്‍ നിര്‍ബന്ധിക്കുന്നത് എന്നും പറഞ്ഞിരുന്നു. സുലഭിന്റെ പക്കല്‍ നിന്നുള്ള സഹായം നിലയ്ക്കുമോ എന്ന ഭയം കാരണമാണ് കലാവതി അത്തരത്തില്‍ പ്രതികരിച്ചത് എന്നാണ് സമിതി അധ്യക്ഷന്റെ വിശദീകരണം.