കര്‍ഷകന്റെ ആത്മഹത്യ: കെജ്‌രിവാളിന്റെ വസതിക്കു മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

വ്യാഴം, 23 ഏപ്രില്‍ 2015 (10:55 IST)
ആം ആദ്‌മി പാര്‍ട്ടിയുടെ സമരത്തിനിടെ കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിഷേധം. ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്‌മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ വസതിക്കു മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുകയാണ്.
 
പാര്‍ലമെന്റില്‍ ജെഡിയുവും സമാജ്‌വാദി പാര്‍ട്ടിയും കര്‍ഷകന്റെ ആത്മഹത്യയെ അപലപിച്ച് ശബ്‌ദമുയര്‍ത്തിയിരുന്നു. അതേസമയം, സംഭവത്തെക്കുറിച്ച് ഡല്‍ഹി ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 
ആത്മഹത്യയ്ക്ക് പിന്നില്‍ ആരുടെയെങ്കിലും പ്രേരണയുണ്ടോ എന്നതിനെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. അതേസമയം, സംഭവസമയത്ത് പൊലീസ്​ നിഷ്​ക്രിയത്വ നിലപാടാണ്​ സ്വീകരിച്ചതെന്ന് ആംആദ്​മി പാര്‍ട്ടി ആരോപിച്ചു.
 
ഭൂമിയേറ്റെടുക്കല്‍ ബില്ലിനെതിരെ ആം ആദ്‌മി പാര്‍ട്ടി ബുധനാഴ്ച ഡല്‍ഹിയില്‍ നടത്തിയ റാലിക്കിടെ ആയിരുന്നു രാജസ്ഥാനില്‍ നിന്നെത്തിയ കര്‍ഷകനായ ഗജേന്ദ്ര സിംഗ് ആത്മഹത്യ ചെയ്തത്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്‌മി പാര്‍ട്ടി നേതാക്കളും വേദിയിലിരിക്കെ ആയിരുന്നു സംഭവം.

വെബ്ദുനിയ വായിക്കുക