കര്‍ണാടക ഫലം വന്നപ്പോള്‍ മോഡിയ്ക്ക് ‘പല്ലുവേദന‘ ആയിരുന്നു!
വ്യാഴം, 9 മെയ് 2013 (17:02 IST)
PTI
PTI
നരേന്ദ്രമോഡിയെ ഇറക്കി പ്രചാരണം നടത്തിയിട്ടും ബിജെപിയ്ക്ക് തിരിച്ചടിയേറ്റു, മോഡി മാജിക്ക് ഫലിച്ചില്ല തുടങ്ങിയ വിശകലനങ്ങള്‍ ആയിരുന്നു കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തിന് തൊട്ടുപിന്നാലെ വന്നത്. എന്നാല്‍ ബിജെപിയുടെ കനത്ത തോല്‍വിയെക്കുറിച്ച് മോഡി പ്രതികരിച്ചതേയില്ല. മോഡിയുടെ മൌനം ഏവരെയും അമ്പരപ്പിക്കുകയും ചെയ്തു.
പല്ലു വേദനയാണ് മോഡിയുടെ മൌനത്തിന് കാരണം എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ബുധനാഴ്ചത്തെ എല്ലാ പൊതുപരിപാടികളും മോഡി റദ്ദാക്കിയിരുന്നു. ഇതാദ്യമായി മോഡി കാബിനറ്റ് യോഗത്തിനെത്തിയില്ല. ഡല്‍ഹിയില്‍ നടത്താന്‍ തീരുമാനിച്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിനും മോഡി പോയില്ല. അദ്ദേഹത്തിന് എന്തുപറ്റിയെന്ന് സര്‍ക്കാര്‍ ഔദ്യോഗിക വിശദീകരണം ഒന്നും നല്‍കിയിരുന്നില്ല. ഇതിനിടെയാണ് അദ്ദേഹത്തിന് പല്ലുവേദനയാണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചത്. സുപ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളെക്കുറിച്ച് മോഡി ട്വീറ്റ് ചെയ്യാറുണ്ട്. എന്നാല്‍ കര്‍ണാടക ഫലത്തെക്കുറിച്ച് അതും ഉണ്ടായില്ല. ട്വീറ്റ് ചെയ്യാന്‍ പല്ലുവേദന തടസ്സമാകുമോ എന്നും ചിലര്‍ ചോദിച്ചു.
കര്‍ണാടക ബിജെപിയ്ക്ക് നഷ്ടമാകുമെന്ന് പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നു. സ്വന്തം ഇമേജ് കാക്കാനായി മോഡി ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രചാരണത്തില്‍ നിന്നു വിട്ടുനില്‍ക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. പരാജയത്തിന്റെ പഴി തങ്ങള്‍ കൂടി ഏല്‍ക്കേണ്ടിവരും എന്ന് കരുതിയായിരുന്നു ഇത്. ബാംഗ്ലൂരില്‍ മാത്രം പൊതുപരിപാടിയില്‍ പങ്കെടുക്കാനിരുന്ന മോഡിയെ പാര്‍ട്ടിയിലെ ചിലര്‍ തെറ്റിദ്ധരിപ്പിച്ച് മറ്റിടങ്ങളില്‍ കൂടി പ്രചാരണത്തിന് എത്തുക്കുകയായിരുന്നു എന്നും സൂചനകളുണ്ട്.