കര്‍ണാടകയിലെ ബിജെപി നേതാക്കളെ ലക്‍ഷ്യമിട്ട് ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ 60 സ്ഥലങ്ങളില്‍ തെരച്ചില്‍ നടത്തി. റെഡ്ഡി സഹോദരന്‍മാര്‍ ഉള്‍പ്പെടെ മൂന്ന് മന്ത്രിമാരെയും ഏഴ് ഭരണകക്ഷി എംഎല്‍എമാരെയും ലക്‍ഷ്യമിട്ടാണ് തെരച്ചില്‍ നടത്തിയതെന്നാണ് സൂചന.
ബാംഗ്ലൂരില്‍ ബിജെപിയും പ്രതിപക്ഷവും കുതിരക്കച്ചവടം നടത്തുന്നു എന്ന ആരോപണം നിലനില്‍ക്കെയാണ് ആദായനികുതി വകുപ്പിന്റെ മിന്നല്‍ തെരച്ചില്‍ നടന്നത്. ബാംഗ്ലൂരിലും ബെല്ലാരിയിലും ഹോസ്‌പെറ്റിലും തെരച്ചില്‍ നടന്നു.
സംസ്ഥാന മന്ത്രിമാരായ കരുണാകര റെഡ്ഡി, ജനാര്‍ദ്ദന റെഡ്ഡി എന്നിവരുടെയും അവരുടെ അടുത്ത അനുയായിയായ മന്ത്രി ശ്രീരാമലുവിന്റെയും വ്യാപാര സ്ഥാപനങ്ങളിലും തെരച്ചില്‍ നടന്നു.
പ്രതിപക്ഷത്തു നിന്ന് നാല് എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ബിജെപി കുതിരച്ചവടം നടത്തി സഭയില്‍ ഭൂരിപക്ഷം നേടുന്നതിന് ശ്രമിക്കുകയാണെന്ന ആരോപണം ഉയര്‍ന്നത്. ബിജെപിയില്‍ നിന്നു പോലും എതിര്‍പ്പ് നേരിട്ട യദ്യൂരപ്പ സര്‍ക്കാരിന് അഞ്ച് സ്വതന്ത്രര്‍ ഉള്‍പ്പെടെ 16 പേര്‍ പിന്തുണ പിന്‍വലിച്ചത് കര്‍ണാടക സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.
പിന്തുണ പിന്‍വലിച്ചവരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ സഭയുടെ അംഗബലം 208 ആയി ചുരുങ്ങുകയും 106 പേരുടെ പിന്തുണ സ്വന്തമാക്കിയ ബിജെപി വിശ്വാസവോട്ട് നേടുകയും ചെയ്തിരുന്നു. എന്നാല്‍, അയോഗ്യരാക്കിയ നടപടിയെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ ഹൈക്കോടതിയെ സമീപിച്ചതോടെ ഭരണം വീണ്ടും തുലാസ്സിലായി. നവംബര്‍ രണ്ടിന് ഹൈക്കോടതി ഈ കേസില്‍ വിധി പറയാനിരിക്കുകയാണ്.