കരാര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം: ബിജെപി

വെള്ളി, 18 ജൂലൈ 2008 (09:26 IST)
WD
ലോക്സഭയില്‍ ഭൂരിപക്ഷം തെളിയിക്കും വരെ കേന്ദ്രസര്‍ക്കാര്‍ ആണവ കരാര്‍ സംബന്ധിച്ച നടപടികള്‍ നിര്‍ത്തി വയ്ക്കണമെന്ന് ബിജെപി വ്യാഴാഴ്ച ആവശ്യപ്പെട്ടു.

ആണവകരാര്‍ സംബന്ധിച്ച എല്ലാ നടപടികളും സഭയില്‍ ഭൂരിപക്ഷം തെളിയിക്കും വരെ നിര്‍ത്തിവയ്ക്കണം. വിശാസ വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ അന്താരാഷ്ട്ര ആണവ ഏജന്‍സിയില്‍ നിന്ന് കരട് സുരക്ഷാ മാനദണ്ഡ കരാര്‍ പിന്‍‌വലിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കണമെന്നും ബിജെപി പുറത്തിറക്കിയ ഒരു മാധ്യമക്കുറിപ്പില്‍ ആവശ്യപ്പെടുന്നു.

സര്‍ക്കാരിലെ ഉന്നത സ്ഥാനത്തുള്ളവര്‍, യുപി‌എ സര്‍ക്കാര്‍ പാര്‍ലമെന്‍റില്‍ ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ്, കരാര്‍ പൂര്‍ത്തിയാക്കിയ രീതിയില്‍ പ്രസ്താവന നടത്തുന്നതിനെയും ബിജെപി ചോദ്യം ചെയ്തു. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി മന്‍‌മോഹന്‍ സിംഗ് നിലപാട് വ്യക്തമാക്കണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

ഭൂരിപക്ഷം തെളിയിക്കുന്നതിനു മുമ്പ് കരാറിനെ കുറിച്ച് ഇത്തരത്തില്‍ പരാമര്‍ശം നടത്തുന്നത് പാര്‍ലമെന്‍റിനെ അധിക്ഷേപിക്കലാണെന്നും ഇത് പാര്‍ലമെന്‍റിന്‍റെ പ്രത്യേക സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപിയുടെ മാധ്യമക്കുറിപ്പില്‍ പറയുന്നു.

വെബ്ദുനിയ വായിക്കുക