കരസേനാ മേധാവിക്കെതിരെ വി കെ സിംഗ് രംഗത്ത്

ബുധന്‍, 11 ജൂണ്‍ 2014 (11:29 IST)
പുതിയ കരസേനാ മേധാവി ലെഫ്. ജനറല്‍ ദല്‍ബീര്‍ സിംഗ് സുഹാഗിനെതിരെ കടുത്ത വിമര്‍ശവുമായി മുന്‍ കരസേനാ മേധാവിയും കേന്ദ്ര സഹമന്ത്രിയുമായ വി കെ സിംഗ് രംഗത്ത്. നിരപരാധികളെ കൊന്നൊടുക്കുകയും കൊള്ളയടിക്കുകയും ചെയ്ത സൈനിക യൂണിറ്റിന്‍റെ മേധാവിയാണ് പുതിയ കരസേനാ മേധാവിയെന്ന് വി കെ സിംഗ് ട്വിറ്ററില്‍ കുറിച്ചു. സുഹാഗിനെ എന്തിനാണ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ട്വീറ്റില്‍ ചോദിക്കുന്നു.

സുഹാഗിനെപ്പോലെയുള്ളവര്‍ സംരക്ഷിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ രക്ഷപെടാനുള്ള സാഹചര്യം ഉണ്ടാകുമെന്നും വി കെ സിംഗ് ചൂണ്ടിക്കാട്ടി. സുഹാഗിന്‍റെ നേതൃത്വത്തിലുള്ള സൈനിക വിഭാഗം വടക്കുകിഴക്കന്‍ മേഖലയില്‍ കൂട്ടക്കൊല നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് വി കെ സിംഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

വി കെ സിംഗ് കരസേനാ മേധാവിയായിരിക്കെ സുഹാഗിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിരുന്നു. അച്ചടക്ക നടപടി നേരിട്ട സുഹാഗിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹര്‍ജിയും സമര്‍പ്പിച്ചിരുന്നു. എന്നാല്‍ സുഹാഗിന് അനുകൂലമായ നിലപാടാണ് സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. വി കെ സിംഗിന്‍റെ നടപടി ബാഹ്യതാത്പര്യപ്രകാരമാണെന്ന് അന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക