ടു ജി സ്പെക്ട്രം അഴിമതി കേസില്‍ തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും ഡിഎംകെ എം പിയുമായ കനിമൊഴിയുടെയും കലൈഞ്ജര്‍ ടിവി എംഡി ശരത്കുമാറിന്റെയും ജാമ്യാപേക്ഷയില്‍ സി ബിഐ പ്രത്യേക കോടതി മെയ് 14-ന് വിധി പറയും. മെയ് 14 വരെ കനിമൊഴിയെ അറസ്റ്റ് ചെയ്യരുതെന്ന് സി ബി ഐക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ അവര്‍ എല്ലാ ദിവസവും കോടതിയില്‍ ഹാജരാകണം. കേസില്‍ സി ബി ഐയുടെ വാദം പൂര്‍ത്തിയായി.
ടു ജി അഴിമതിയില്‍ കനിമൊഴിയ്ക്ക് പങ്കുണ്ടെന്ന് സി ബി ഐ വാദിച്ചു. അറസ്റ്റ് വാറണ്ട് തടയണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് കനിമൊഴി പ്രത്യേക കോടതിയില്‍ നല്‍കിയ ഹര്‍ജി എതിര്‍ക്കവേയാണ് സിബിഐ ഇക്കാര്യം പറഞ്ഞത്. കനിമൊഴിയെ കൂടാതെ ശരത്കുമാറിനും ഇടപാടില്‍ പങ്കുണ്ടെന്നും സിബിഐയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ യു യു ലളിത് വാദിച്ചു.
സ്പെക്ട്രം അഴിമതിയുമായി ബന്ധപ്പെട്ട് പണമിടപാടുകളെക്കുറിച്ച് കനിമൊഴിക്ക് അറിയാമായിരുന്നുവെന്നാണ് സിബിഐ വാദിക്കുന്നത്. കോഴ വാങ്ങിയ പണം തിരികെ നല്‍കാന്‍ തീരുമാനിച്ചത് എല്ലാ പ്രതികളും ചേര്‍ന്നാണ്. എന്നാല്‍ ദയാലു അമ്മാള്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ടില്ലെന്നും സിബിഐ കോടതിയെ അറിയിച്ചു.
കലൈഞ്ജര്‍ ടിവിയില്‍ കനിമൊഴിക്ക് 20 ശതമാനം മാത്രം ഓഹരികളാണെന്നു വാദിക്കുന്നതില്‍ കാര്യമില്ല ആകെ മൂന്ന് ഓഹരിയുടമകള്‍ മാത്രമാണുള്ളത്. ഇതില്‍ ഒന്ന് കനിമൊഴിയുടെ അമ്മയും കരുണാനിധിയുടെ ഭാര്യയുമായ ദയാലു അമ്മാളാണ്. അവര്‍ക്ക് ഇംഗ്ലീഷ് അറിയാത്തതിനാല്‍ ഇതിലൊന്നും ഇടപെട്ടിരുന്നില്ല. കനിമൊഴി ഒഴികെ മറ്റു രണ്ടു പേരുമാണ് ഡയറക്ടര്‍ ബോര്‍ഡിലുള്ളത്. ഡയറക്ടര്‍ ബോര്‍ഡില്‍ അംഗമാകാനുള്ള കനിമൊഴിയുടെ ശ്രമം ആഭ്യന്തര വകുപ്പിന്റെ ക്ലിയറന്‍സ് കിട്ടാത്തതിനാലാണ് നടക്കാതെ പോയതെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. വ്യാജരേഖ ചമച്ചതിലും ഗൂഢാലോചന നടത്തിയതിലും കനിമൊഴിക്ക് പങ്കുണ്ടെന്നും സിബിഐ വാദിക്കുന്നു.
സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് കനിമൊഴിയും ശരത് കുമാറും സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്നലെ ഡല്‍ഹിയിലെ പ്രത്യേക കോടതി വാദം കേട്ടിരുന്നു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ രാംജത്മലാനിയാണു കനിമൊഴിക്കു വേണ്ടി കോടതിയില്‍ ഹാജരായത്. കനിമൊഴി തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് രാംജത്മലാനി വാദിച്ചു. കമ്പനി നിയമപ്രകാരം പ്രവര്‍ത്തിക്കുക മാത്രമാണ് കനിമൊഴി ചെയ്തത്. ഓഹരി ഉടമയായതുകൊണ്ടു എല്ലാ ഇടപാടിലും പങ്കാളിയാകണമെന്നില്ലെന്നും അദ്ദേഹം കോടതിയില്‍ പറഞ്ഞു. സ്പെക്ട്രം അഴിമതിയുമായി ഒരുതരത്തിലും ബന്ധമില്ലെന്നും തന്നെ അറസ്റ്റ് ചെയ്യാന്‍ സിബിഐയെ അനുവദിക്കരുതെന്നും കനിമൊഴി കോടതിയില്‍ കഴിഞ്ഞദിവസം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
സ്പെക്ട്രം ഇടപാടില്‍ കനിമൊഴിക്ക് യാതൊരു പങ്കും ഇല്ലെന്നും എല്ലാ ഗൂഢാലോചനകളും നടത്തിയത് അറസ്റ്റിലായ മുന്‍ ടെലികോം മന്ത്രി എ രാജയാണെന്നും ഹാജരായ അഭിഭാഷകന്‍ രാം ജഠ്മലാനി കോടതിയില്‍ അറിയിച്ചു. കലൈഞ്ജര്‍ ടി വിയുടെ ഓഹരി ഉടമ മാത്രമാണ് കനിമൊഴിയെന്നും കോടതിയെ അറിയിച്ചു.
കോടതിയില്‍ വാദം നടക്കുന്നതിനിടെ ഡി എം കെ എം പി ആദിശങ്കരന്‍ കുഴഞ്ഞുവീണു. ആദിശങ്കരനുള്‍പ്പെടെ ഒന്‍പത് എം പിമാരാണ് കോടതിയില്‍ എത്തിയിരിക്കുന്നത്.
സ്‌പെക്‌ട്രം ഇടപാടില്‍ ലഭിച്ച തുകയില്‍ 214 കോടി രൂപ കലൈഞ്‌ജര്‍ ടി വിയിയിലേക്ക് ലഭിച്ചിട്ടുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്ന് ഗൂഡാലോചന, കൈക്കൂലി വാങ്ങല്‍ തുടങ്ങിയ കുറ്റങ്ങളാണ് കലൈഞ്‌ജര്‍ ടി വിയുടെ ഉടമസ്ഥകളിലൊരാളായ കനിമൊഴിക്കെതിരെ സി ബി ഐ കുറ്റപ്പത്രത്തില്‍ ചുമത്തിയിരിക്കുന്നത്.