നിതീഷ് കടാര വധക്കേസില്‍ കുറ്റവാളികളായ വികാസ് യാദവിനും വിശാല്‍ യാദവിനും പാട്യലയിലെ അതിവേഗ കോടതി ജീവപര്യന്തം തടവ് വിധിച്ചു. ഇവര്‍ കുറ്റക്കാരാണെന്ന് രണ്ട് ദിവസം മുന്‍പ് തന്നെ കോടതി കണ്ടെത്തിയിരുന്നു.
ശിക്ഷ നല്‍കുന്നത് സംബന്ധിച്ച് ചൂടേറിയ വാദപ്രതിവാദങ്ങളാണ് വാദിഭാഗവും പ്രതിഭാഗവും തമ്മില്‍ ഉണ്ടായത്. വികാസ് അക്രമവാസനയുള്ള ആളാണെന്ന് മോഡലായിരുന്ന ജെസീക്ക ലാല്‍ വധക്കേസില്‍ ഇയാള്‍ക്കുള്ള പങ്കിനെ പരാമര്‍ശിച്ച് കോടതി അഭിപ്രായപ്പെട്ടു.
ജീവപര്യന്തം തടവിന് പുറമെ ഇരുവരും1.2 ലക്ഷം രൂപ വീതം പിഴയും അടയ്ക്കണം. പ്രതികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.
ഐ എ എസ് ഓഫീസറുടെ മകനായ കടാരയെ 2002 ഫെബ്രുവരി 16-17 അര്‍ദ്ധരാത്രിയിലാണ് വികാസും ബന്ധുവായ വിശാലും ചേര്‍ന്ന് കൊലപ്പെടുത്തിയത്. വികാസ് യാദവിന്‍റെ സഹോദരി ഭാരതി യാദവുമായി നിതീഷ് കടാരയ്ക്ക് ഉണ്ടായിരുന്ന പ്രണയബന്ധം ഇഷ്ടപ്പെടാതിരുന്നതിനെ തുടര്‍ന്നാണ് കൊല നടത്തിയത്.